ചെങ്ങന്നൂരിലെ വിജയം സംസ്ഥാനസര്‍ക്കാരിനും അതിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെട്ടതെന്ന് സജി ചെറിയാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

 

കെ.എം.മാണിയുടെ മനസ് തനിക്കൊപ്പമെന്ന് സജി ചെറിയാന്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മനോരമ ന്യൂസിനോട് പറഞ്ഞു. എല്ലാ ജാതി മത സാമുദായങ്ങളും എന്നെ മകനായി കണ്ടു. ഞാന്‍ എല്ലാവരുടെയും ഒപ്പം നില്‍ക്കും. ഭൂരിപക്ഷം ഇരുപതിനായിരം കടന്നേക്കാമെന്നും രാവിലെ സജി ചെറിയാന്‍ പ്രവചിച്ചു. 

ഈ വിജയം കണക്കുകൂട്ടലിനപ്പുറമാണെന്ന് വോട്ടെണ്ണലിന്‍റെ മറ്റൊരു ഘട്ടത്തില്‍ സജി ചെറിയാന്‍ പ്രതികരിച്ചു. ലഭിക്കുന്ന ഭൂരിപക്ഷം പ്രതീക്ഷയ്ക്കപ്പുറമാണ്. കോണ്‍ഗ്രസ്,ബിജെപി അനുഭാവികളും തനിക്ക് വോട്ടുചെയ്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്ന് നടത്തണമെന്നും പരിധിവിടരുതെന്നും അദ്ദേഹം പറഞ്ഞു. 

‌തോല്‍വി ഉറപ്പായതോടെ ആക്ഷേപവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തി.  വോട്ടുകച്ചവടം ആരോപിച്ച് ഡി.വിജയകുമാറും ശ്രീധരന്‍പിള്ളയും പുതിയ പോര്‍മുഖം തുറന്നു. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ എഡിഎഫ്–ബിജെപി ധാരണയുണ്ടെന്നാണ് വിജയകുമാറിന്‍റെ കണ്ടെത്തല്‍. 

തനിക്ക് നേരത്തേതന്നെ ചില തോന്നലുകള്‍ ഉണ്ടായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന് യുഡിഎഫ് വോട്ട് മറിച്ചെന്ന് ശ്രീധരന്‍പിള്ളയും ആരോപിച്ചു.