‘കെവിന്‍ ചേട്ടന്റെ കൂടെ ഇറങ്ങി വന്നത് ഒരു തെറ്റായിട്ട് എനിക്കും ചേട്ടനും തോന്നിയില്ല. എന്‍റെ കാര്യങ്ങളെല്ലാം കെവിന്‍ ചേട്ടന് ആരെക്കാളും നന്നായി അറിയാമായിരുന്നു. പക്ഷേ അന്ന് രാത്രിയും ഞാന്‍ പറഞ്ഞിരുന്നു, സൂക്ഷിക്കണേ കെവിന്‍ േചട്ടാ...’ വാക്കുകള്‍ മുറിഞ്ഞുപോകുമ്പോഴും അവള്‍ കരഞ്ഞില്ല. കരയാന്‍ കണ്ണീര് ബാക്കിയില്ലാതായിരിക്കുന്നു ഈ പെണ്‍കുട്ടിക്ക്. അല്ലെങ്കില്‍ കെവിന്റെ അച്ഛന്‍ ജോസഫ് പകര്‍ന്ന കരുത്തിന്‍റെ പാഠം അവളും പഠിച്ചതാകാം. കാരണം എതു കാറ്റിലും ഉലയാത്ത ആ ആല്‍മരത്തിന് തണലിലാണ് അവളിപ്പോള്‍. പ്രണയത്തിന് ഇടയില്‍ സംഭവിച്ച മഹാദുരന്തത്തെ കുറിച്ച് മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ അഭിലാഷ് പി.ജോണിനോട് നീനു ആ കഥ പറഞ്ഞു. കെവിന്റെ കഥ.
പ്രണയത്തിന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് നീനു പറയുന്നു. എല്ലാവരെ പോലെയും സ്വപ്നങ്ങളും ആഗ്രഹങ്ങളുമായി അവര്‍ ജീവിതം കിനാവ് കണ്ട കാലം. അവര്‍ക്കു മുന്നില്‍ സ്നേഹമാണ് എല്ലാം എന്നതായിരുന്നു വേദവാക്യം. ‘ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ ലോകം മുഴുവനും കൂടെനില്‍ക്കും അത് സ്വന്തമാക്കാന്‍’ എന്ന എഴുത്തുകാരന്‍റെ വാചകമായിരുന്നു ഇവരും മുറുകെപ്പിടിച്ചത്. നീനു എന്ന സമ്പന്നകുടുംബത്തിലെ യുവതിക്ക് കെവിന്‍ എന്ന സാധാരണക്കാരനോട് തോന്നിയ വികാരത്തിനും പ്രണയം എന്നുതന്നെയാണ് പേര്. അച്ഛന്റെ പൊന്നും പണവും ഒന്നും വേണ്ട, എനിക്ക് അയാളോടൊപ്പം ജീവിച്ചാല്‍ മതി എന്ന തീരുമാനത്തില്‍ അവള്‍ വീടുവിട്ടിറങ്ങി. മനസ് നിറയെ കെവിനോടുള്ള ഇഷ്ടം നിറച്ച് വച്ച് മറ്റൊരാള്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ തയാറായിരുന്നില്ല നീനു എന്ന പ്രണയിനി.
പ്രണയത്തിന്റെ ആ മനോഹരനിമിഷത്തില്‍ ഇരുവരും അറിഞ്ഞിരുന്നില്ല. മരണത്തിന്റെ ദൂതുമായി വരാന്‍ ഒരു കാറില്‍ അപ്പോള്‍ ഇന്ധനം നിറയ്ക്കുകയായിരുന്നു എന്ന്. പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും നിയമം നല്‍കുന്ന പരിരക്ഷ. അവര്‍ രജിസ്റ്റര്‍ മാരേജ് ചെയ്യാന്‍ തീരുമാനിക്കുന്നു. അതിന്റെ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ മകളെ തേടി ആ അച്ഛന്റെ ഫോണ്‍. എനിക്ക് നിങ്ങളെ ഒന്നു കാണണം, കണ്ടാല്‍ മതി. അങ്ങനെ ആ കൂടിക്കാഴ്ചയ്ക്ക് പൊലീസ് സ്റ്റേഷന്‍ വേദിയായി.
എസ്ഐ എന്നെ കുറേ തെറി വിളിച്ചു. വഴക്ക് പറഞ്ഞു. പക്ഷേ അപ്പോഴും അവള്‍ പറഞ്ഞു പോകുന്നെങ്കില്‍ അത് കെവിനൊപ്പമായിരിക്കുമെന്ന്. അപ്പോള്‍ പപ്പ പറഞ്ഞു, ഒരുമാസത്തിനുള്ളില്‍ നിങ്ങളുടെ കല്ല്യാണം നടത്തിത്തരാം. വേണമെങ്കില്‍ എഴുതി ഒപ്പിട്ട് തരാം എന്നും പപ്പ പറഞ്ഞു. കെവിന്‍ പറഞ്ഞു. ശരി പക്ഷേ ഇവള്‍ നിങ്ങളുടെ കൂടെ വീട്ടിലേക്ക് വരില്ല. ഏതെങ്കിലും ഹോസ്റ്റലില്‍ നില്‍ക്കും. പക്ഷേ എസ്.െഎ കെവിനെ പിടിച്ച് അകത്തേക്ക് തള്ളി. നീ ഇനി അനങ്ങിപ്പോകരുത്. നിങ്ങള്‍ ഇവളെയും വിളിച്ചോണ്ട് വീട്ടില്‍ പോ... എന്നായിരുന്നു എസ്ഐയുടെ പ്രതികരണം. വാവിട്ട് നിലവിളിക്കുമ്പോഴും അയാള്‍ എന്നെ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയി.നീനു പറയുന്നു. എല്ലാ പൊലീസുകാരും അപ്പോള്‍ നോക്കി നില്‍ക്കുകയായിരുന്നു.
പക്ഷേ പിന്നീടും നീനുവിന് ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തേണ്ടി വന്നു. കാരണം കെവിനെ കാണാനില്ല.. വിളിച്ചിട്ട് കിട്ടുന്നില്ല. എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട്.. പക്ഷേ അവിടെയും അവള്‍ക്കൊപ്പം നില്‍ക്കാന്‍ ആരും ഇല്ലായിരുന്നു. ഒടുവില്‍ കേരളം ആ കണ്ണീര് കണ്ടു. ജനമറിഞ്ഞപ്പോള്‍ കാവലന്‍മാര്‍ ഉണര്‍ന്നു. നടപടി എവിടെ എവിടെ എന്ന് അലമുറയിട്ടു. പക്ഷേ കൃത്യസമയത്ത് ഉണര്‍ന്നിരുന്നെങ്കില്‍ മരണത്തിനും ജിവിതത്തിനുമിടയിലെ ആ 130 കിലോമീറ്ററിനുള്ളില്‍ കെവിനെ നീനുവില്‍ ഏല്‍പ്പിക്കാമായിരുന്നു.
‘ഇവരെ എന്നെ നോക്കാന്‍ എല്‍പ്പിച്ചിട്ടാ കെവിന്‍ ചേട്ടന്‍ പോയത്. അച്ചായിക്കും ഇൗ വീട്ടിലും കെവിന്‍ ചേട്ടന്റെ സ്ഥാനത്ത് ഞാനുണ്ട്. ഞാന്‍ പഠിക്കും. ജോലി വാങ്ങും...’ ഇരുപത്തിയൊന്നുകാരിയുടെ വാക്കുകള്‍ക്കപ്പുറം അവളില്‍ പ്രകടമാകുന്നത് ജീവിതത്തിന്റെ ചൂളയില്‍ പാകപ്പെട്ട കരുത്താണ്. ഇനി ജീവിതത്തിനും വിധിക്കും ഇതിനപ്പുറം തന്നില്‍ ക്ഷതമേല്‍പ്പിക്കാന്‍ കഴിയില്ല എന്ന തിരിച്ചറിവിന്റെ കരുത്ത്.