കെവിന്‍റെ കൊലപാതകം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് മുക്തമായിട്ടില്ല കേരളവും മലയാളി പൊതുസമൂഹവും. അപ്പോഴും സമൂഹമാധ്യമത്തില്‍ ആ പ്രണയത്തെയും ജീവിതത്തെയും അപഹസിക്കുന്നവര്‍ക്ക് കുറവില്ല. കെവിൻ-നീനു അനുകൂല പോസ്റ്റിനു താഴെ നെഗറ്റീവ് കമൻറുകളും ഉപദേശങ്ങളും നിറയുകയാണ്. ലിറ്റി എലിസബത്ത് എന്നയാള്‍ തൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നത്തെ കേരളം എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്തപ്പോളാണ് ഉപദേശികൾ വീണ്ടും തലപൊക്കിയത്.
മാതാപിതാക്കൾക്കുണ്ടായ വിഷമമാണ് പലരെയും ഇപ്പോഴും സങ്കടപ്പെടുത്തുന്നത്. മുൻപ് നീനുവിന്‍റെ അഭിമുഖ വീഡിയോക്കു താഴെയും ഇത്തരത്തില്‍ നെഗറ്റീവ് കമൻറുകൾ നിറഞ്ഞിരുന്നു. നീനുവിന്‍റെ സഹോദരൻ ചെയ്തത് നല്ല കാര്യമാണെന്നു വരെ പറഞ്ഞവർ അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസെടുക്കണമെന്ന ആവശ്യവും ഒരുകൂട്ടര്‍ ഉയര്‍ത്തുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ദുരഭിമാനക്കൊലകള്‍ കേട്ട് മൂക്കത്തു കൈവെച്ചിരുന്ന കേരളത്തെ നടുക്കിയാണ് മാസങ്ങള്‍ മാത്രം മുന്‍പ് സ്വന്തം പിതാവിന്‍റെ കത്തിമുനയില്‍ ആതിരയെന്ന പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടപ്പെട്ടത്. പിന്നാലെ കെവിനും. സാക്ഷരതയില്‍ ഊറ്റം കൊണ്ടാലും മാനവവികസന സൂചികകള്‍ ഉയര്‍ത്തിക്കാണിച്ചാലും ജാതിയുടെയും മതത്തിന്റെയും കപട സദാചാരത്തിന്‍റെയും സവര്‍ണ്ണ ബോധത്തിന്‍റെയും ചിന്തകള്‍ മലയാളിയുടെ മനസ്സില്‍ ആഴത്തില്‍ വേരാഴ്ത്തിയിട്ടുണ്ട് എന്നതിന് സാക്ഷ്യമാകുന്നു ഈ ആക്ഷേപങ്ങളും കമന്‍റുകളും.