TAGS

ഗ്രേസ് മാർക്ക് ചേർക്കാതെ വിദ്യാർഥികളെ ചുറ്റിച്ച് അവസാനവർഷ ബിരുദ ഫലം പ്രസിദ്ധീകരിച്ച് കണ്ണൂർ സർവകലാശാല. സംഭവം വിവാദമായതോടെ ഗ്രേസ് മാർക്ക് ചോദിച്ച് സർവകലാശാലയെ ബന്ധപ്പെടരുതെന്നും പുതുക്കിയ ഫലം ഉടൻ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ വിഭാഗം അറിയിച്ചു. വേഗത്തിൽ ബിരുദഫലം നൽകാനുള്ള തിരക്കിനിടയിലാണ് ഗ്രേസ് മാർക്കിനെക്കുറിച്ച് അധികൃതർ മറന്നു പോയത്.

 

ആറാം സെമസ്റ്റർ ബിരുദ ഫലം വെബ്സൈറ്റിൽ കണ്ട് വിദ്യാർഥികൾ നിരാശരായി. അർഹതപ്പെട്ട ഗ്രേസ് മാർക്ക് ഫലത്തിനൊപ്പമില്ല. വിദ്യാർഥികൾ കൂട്ടത്തോടെ സർവകലാശാലയെ ബന്ധപ്പെടാൻ തുടങ്ങിയതോടെയാണ് പരീക്ഷാ വിഭാഗത്തിന് വീഴ്ച മനസിലായത്. ഉടൻതന്നെ ഗ്രേസ്മാർക്ക് ചേർത്ത് ഗ്രേഡ് കാർഡ് നൽകാനുള്ള തിരക്കിലാണ് സർവകലാശാല. പക്ഷേ നാലാം സെമസ്റ്ററിലെ സപ്ലിമെന്ററി പരീക്ഷാ ഫലവും അഞ്ചാം സെമസ്റ്റർ പുനർമൂല്യനിർണയ ഫലവും പുറത്തുവിട്ടിട്ടില്ല.

 

പരാജയപ്പെട്ട വിദ്യാർഥികളിൽ ഗ്രേസ് മാർക്ക് ലഭിച്ചാൽ വിജയിക്കുന്നവരുമുണ്ട്. പിജി കോഴ്സുകൾക്ക് പ്രവേശനം തുടങ്ങുന്നതിന് മുൻപെങ്കിലും പൂർണഫലം പ്രസിദ്ധീകരിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.