തോല്‍പ്പിക്കാന്‍ ശ്രമിച്ചവരോട് അവളുടെ മറുപടി ഇൗ ചിരിയാണ്. അതിന്റെ പ്രഹരം ഏത് ജയിലറകളെക്കാളും ഭീകരമാണെന്ന് അവര്‍ തിരിച്ചറിയുന്നു. പ്രണയത്തിന്റെ മനോഹര ഒാര്‍കളുമായി അവള്‍ നടന്ന ആ കോളജിന്റെ മണ്ണില്‍ കെവിന്റെ തീരാനഷ്ടത്തിന്റെ ഒാര്‍മകളുമായി നീനു എത്തി. വിധിയോട് അവള്‍ ചിരിച്ചെങ്കിലും ആ പ്രണയത്തിന് കൂട്ടുനിന്ന ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ ഒരിക്കല്‍ കൂടി പൊട്ടിക്കരഞ്ഞു. കരയാന്‍ മറന്നിട്ടില്ല എന്നു സ്വയം തെളിയിക്കാനെന്നോണം. കേരളം ചേര്‍ത്ത് പിടിച്ച നീനുവിനെ പ്രിയ  കൂട്ടുകാരും നെഞ്ചോടണച്ചു. 

കാഴ്ചയുടെ ലോകം ഈ 17 ദിവസം കെവിന്റെ വീടുമാത്രമായിരുന്നു. അവള്‍ അറിഞ്ഞു ആ വീട്ടിനുള്ളില്‍ കെവിന്റെ ജീവിതം. അവനോളം അവളെ സ്നേഹിക്കുന്ന ആ വീട്ടുകാരുടെ സ്നേഹം. പക്ഷെ പഠിക്കണമെന്ന അവന്‍റെ സ്വപ്നത്തിനായി ഇന്നലെ അവള്‍ പുറത്തിറങ്ങി. ജീവനോടെ ഒപ്പമുണ്ടായിരുന്നെങ്കില്‍ പ്രണയിനിയെ കാത്ത് നിന്ന ആ കോളജ് കാവാടത്തിലേക്ക് പ്രണയത്തിന്റെ എവറസ്റ്റ് കീഴടക്കിയ ‍ജേതാവിന്റെ സന്തോഷത്തോടെ കെവിന്‍ അവളെ പ്രിയ ബൈക്കിന്റെ പിറകിലിരുത്തി കൊണ്ടുപോയേനെ. കാലം ആ മുഹൂര്‍ത്തത്തിന് വില്ലനായി. 

കെവിന്റെ അച്ഛന്‍ ജോസഫാണ് ബൈക്കില്‍ നീനുവിനെ കോളജിലേക്ക് കൊണ്ടുപോയത്. രാവിലെ തന്നെ മെഴുതിരി നാളത്തിന്റെ വെളിച്ചത്തില്‍ ചിരിക്കുന്ന കെവിന്റെ ചിത്രത്തിന് മുന്നില്‍ അവള്‍ മൗനമായി നിന്നു.  കെവിന്റെ ചേച്ചിയുടെ ചുരിദാറാണ് നീനു ധരിച്ചത്. അമ്മ മേരി അവള്‍ക്കായി പൊതിച്ചോറ് നീട്ടി. ഒരു പക്ഷേ അമ്മയുടെ  ഉള്ളുതുറന്നുള്ള സ്നേഹം അവള്‍ക്ക് സമ്മാനിച്ചത് ദൈവപുത്രന്റെ അമ്മയുടെ പേരുള്ള മേരിയില്‍ നിന്നാകും.

ജോസഫ് ബൈക്കിന്റെ കിക്കറടിച്ചപ്പോള്‍ ആ വീടൊന്നുണര്‍ന്നു. 17 ദിവസം നീണ്ട ഉറക്കത്തില്‍ നിന്ന്. കോളജിലേക്കായിരുന്നില്ല അവരുടെ ആദ്യ യാത്ര. കെവിനെ ഒാര്‍ത്ത് ആദ്യമായി വിങ്ങിപ്പൊട്ടിയ അവളുടെ കണ്ണീരു വീണലിഞ്ഞ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്ക്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ക്രൂരതയുടെ രംഗങ്ങള്‍ അരങ്ങേറിയ ആ പൊലീസ് സ്റ്റേഷന്‍ ഒരിക്കല്‍ കൂടി കാണേണ്ടി വന്നപ്പോള്‍ കഴിഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടി പാഞ്ഞിട്ടുണ്ടാകും ആ മനസിലൂടെ. പക്ഷേ അന്ന് വാവിട്ട് കരഞ്ഞിട്ടും കേള്‍ക്കാത്ത സാറന്‍മാരുടെ മുന്നില്‍ ചങ്കുറപ്പോടെ തലയുയര്‍ത്തി അവള്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലേക്കെത്തി. കോട്ടയം എസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജോസഫും നീനുവും ഒരിക്കല്‍ കൂടി പൊലീസ് സ്റ്റേഷന്റെ വാരാന്ത കയറിയത്. കാര്യം അവതരിപ്പിച്ച ശേഷം അവിടെ നിന്ന് വേഗം ഇറങ്ങി. നല്ല ഒാര്‍മകള്‍ മാത്രം സമ്മാനിച്ച പ്രിയ കലായത്തിലേക്ക് അവരെയും കൂട്ടി ബൈക്ക് പാഞ്ഞു.

അവളെ ഒരുനോക്കു കാണാന്‍ ആ കലാലയം കൊതിച്ചിരിക്കുകയായിരുന്നു. കെവിന്‍ കാത്ത് നില്‍ക്കാറുള്ള സ്ഥലങ്ങള്‍, ആദ്യമായി സുഹൃത്തിന്റെ പ്രണയത്തിന് ദൂതുമായി കെവിന്‍ കലായത്തിലെത്തിയ നിമിഷം ഒക്കെ. അവിടെ നീനുവിന് മാത്രം ഒരിക്കല്‍ കൂടി ദൃശ്യമായി.  പിന്നീട് നേരെ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക്. അവിടെ നിന്നും കാത്തിരിക്കുന്ന പ്രിയ കൂട്ടുകാരുടെ ഇടയിലേക്ക്. ഒാര്‍കളുടെ പേമാരികള്‍ക്ക് ഉള്ളില്‍ ഉരുള്‍പൊട്ടുമ്പോള്‍ ചങ്ങാതിമാര്‍ക്ക് മുന്നില്‍ അവള്‍ പഴയ നീനുവായി. ഇടയ്ക്ക് വിതുമ്പിയെങ്കിലും ചങ്ങാതിമാരുടെ ആ കരുത്ത് അവള്‍ക്ക് തുണയായി. 

എന്റെ മോള് പഠിക്കട്ടെ. അവള്‍ക്കായി എന്നെകൊണ്ടാവുന്നത് ഞാന്‍ ചെയ്തുകൊടുക്കും. ഏതു കാറ്റിലും ഉലയാത്ത ആ അച്ഛന്‍ ഉറപ്പിച്ചുപറഞ്ഞു. ജോസഫ് കോളജിന്റെ കവാടം കടന്നിറങ്ങുമ്പോഴും ചാരത്തില്‍ നിന്നുയര്‍ന്ന നീനുവിനെ നോക്കി കെവിന്‍ എവിടെ നിന്നോ പുഞ്ചിരിക്കുന്നുണ്ടാകും. തീര്‍ച്ച.