TAGS

കൊച്ചി മരടിലെ സ്കൂള്‍ബസ് അപകടത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെയും കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. വിദ്യാര്‍ഥികളുടെ സ്കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ കൂടുതല്‍ സമഗ്രമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കാനും ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. സുരക്ഷിതമല്ലാത്ത രീതിയില്‍ സ്കൂള്‍വാഹനങ്ങള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സൗകര്യവും നിലവില്‍ വന്നു.  

രണ്ട് കുഞ്ഞുങ്ങളുടെയും ആയയുടെയും ജീവനെടുത്ത അപകടത്തില്‍ ഡ്രൈവറെ പ്രതിചേര്‍ത്താണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഡ്രൈവറുടെ പിഴവിനൊപ്പം സ്കൂള്‍ ബസിന്റെ കാര്യക്ഷമതയും അപകടത്തിന് കാരണമായോയെന്ന് സംശയിക്കുന്നുണ്ട്. അതിനാല്‍ നിലവിലെ കേസില്‍ സ്കൂള്‍ അധികൃതരെയും പ്രതിചേര്‍ത്ത് സ്കൂളിന്റെ വീഴ്ച അന്വേഷിക്കാനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചത്. സ്കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ ഒട്ടേറെ നിര്‍ദേശങ്ങളുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടാറില്ലെന്ന് പൊലിസിലെയും വിദ്യാഭ്യാസവകുപ്പിലെയും ഗതാഗതവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ സ്കൂള്‍ അധികൃതര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കാര്യക്ഷമമായ പുതിയൊരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ഐ.ജി പി. വിജയനെ ചുമതലപ്പെടുത്തി.

പഴക്കം ചെന്നതും ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കാത്തതുമായ വാഹനങ്ങള്‍ സ്കൂള്‍ ബസായി ഉപയോഗിച്ചാല്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കും. ഡ്രൈവര്‍മാരുടെ യോഗ്യതയില്‍ കുറവ് കണ്ടാലും ഉത്തരവാദിത്വം സ്കൂളിനായിരിക്കും. ഇതോടൊപ്പം അശ്രദ്ധമായി രീതിയില്‍ സ്കൂള്‍വാഹനം ഓടിക്കുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനായി പ്രത്യേകസൗകര്യവും പൊലീസ് ഏര്‍പ്പെടുത്തി. 9846100100 എന്ന നമ്പരില്‍ വിളിക്കുകയോ 9747001099 എന്ന നമ്പരില്‍ വാട്സാപ്പ് ചെയ്യുകയോ വേണമെന്ന് ഡി.ജി.പി അറിയിച്ചു.