കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിശ്ചയിക്കുന്നത് സംബന്ധിച്ച ഉത്തരവ് വൈകുന്നു. ഇതിനായി സെറ്റില്‍മെന്റ്  ഒാഫീസറെ ഇത് വരെ തീരുമാനിച്ചിട്ടില്ല. യൂക്കാലി, കാറ്റാടി മരങ്ങള്‍മുറിക്കുന്നതിനുള്ള നടപടികളും വൈകുകയാണ്.

കുറിഞ്ഞി ഉദ്യാനത്തിന്റെ പരിധിയില്‍ വരുന്ന ജനവാസ കേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവ ഒഴിവാക്കുക, ആള്‍ത്താമസമില്ലാത്ത പ്രദേശങ്ങള്‍കൂട്ടിച്ചേര്‍ക്കുക. ആകെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്ടറായി നിലനിറുത്തുക. പട്ടയഭൂമിയും വനഭൂമിയും വേര്‍തിരിക്കാന്‍ഡ്രോണ്‍ഉപയോഗിച്ചുള്ള സര്‍വെ നടത്തുക. ഇത് ജൂണിനുമുന്‍പ് പൂര്‍ത്തിയാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് മന്ത്രിസഭ ഈ നടപടികള്‍ അംഗീകരിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച ഉത്തരവ് പോലും ഇത് വരെ ഇറങ്ങിയിട്ടില്ല. 

പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്റ്  ഒാഫീസറായി നിയമിക്കാനായിരുന്നു തീരുമാനം ഇക്കാര്യത്തിലും തീരുമാനമായില്ല. വട്ടവട, കൊട്ടകമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകളിലെ മുഴുവന്‍ അക്കേഷ്യ, കാറ്റാടി, യൂക്കാലിമരങ്ങളും വെട്ടിമാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള സമഗ്രപദ്ധതി കലക്ടര്‍ തയ്യാറാക്കാനുള്ള നിര്‍ദ്ദേശവും വൈകുകയാണ്. സാധാരണ കാലവര്‍ഷക്കാലത്താണ്, മോശം കാലാവസ്ഥയുടെ മറവില്‍ വന്‍തോതില്‍ കൈയ്യേറ്റം നടക്കുന്നത്. നടപടികള്‍ വൈകുന്നത് കൈയ്യേറ്റക്കാര്‍ക്ക് ഗുണകരമാകുമെന്ന ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.  കുറിഞ്ഞി ഉദ്യാനത്തിന്റെ  ഉത്തരവ് വൈകുന്നതിന്റെ കാരണം സംബന്ധിച്ച് റവന്യൂവകുപ്പ് മൗനം പാലിക്കുകയാണ്.