അഞ്ചര മാസത്തെ വളര്‍ച്ച മാത്രമുണ്ടായിരിക്കെ, തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച നവജാത ശിശു ജീവിതത്തിലേക്ക്. 22 ആഴ്ച മാത്രം വളര്‍ച്ചയുള്ള നവജാത ശിശു ഇങ്ങനെ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
രാജ്യാന്തരതലത്തില്‍ നവജാത ശിശു ജീവിക്കണമെങ്കില്‍ 24 ആഴ്ച വളര്‍ച്ചയെങ്കിലും വേണം. പക്ഷേ, തൃശൂരില്‍ പ്രസവിച്ച കുഞ്ഞിന് 22 ആഴ്ച മാത്രമായിരുന്നു വളര്‍ച്ച. കണ്ണൂര്‍ പിണറായി സ്വദേശികളായ സതീഷ്, ഷീന ദമ്പതികളുടേതാണ് കുഞ്ഞ്. പതിനാലു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. ഇരട്ടകുഞ്ഞുങ്ങളായിരുന്നു. ഒരു കുഞ്ഞ് പ്രസവിച്ച് അഞ്ചാം ദിവസം വിടപറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു പ്രസവം. 650 ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം. ഇപ്പോള്‍ ചികില്‍സയ്ക്കു ശേഷം ഒരു കിലോയ്ക്കു മീതെയായി ശരീര ഭാരം. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രസവ ശേഷം 34 ദിവസം വെന്റിലേറ്ററിലായിരുന്നു കുഞ്ഞ്. പന്ത്രണ്ടു ദിവസം പിന്നെയും ഐ.സി.യുവില്‍തന്നെ. ഇപ്പോള്‍ റൂമിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ ആശുപത്രി വിടും.