നഴ്സ് റിക്രൂട്ട്മെൻ‌റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കേരള തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ‌റെ നേതൃത്വത്തിൽ ഒഡെപെക് സംഘം കുവൈത്തിൽ എത്തി. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേരിട്ട് നഴ്സ് നിയമനം നടത്തുന്നതിന് അംഗീകാരം നേടുമെന്നാണ് പ്രതീക്ഷ. വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്ട്മെൻ‌റിൽ ഇടനിലക്കാരെ ഒഴിവാക്കാനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് നേരിട്ട് നഴ്സ് നിയമനം നടത്തുന്നതിനുള്ള സന്നദ്ധത അറിയിച്ച് നോർക്ക പ്രതിനിധികൾ നേരത്തെ കുവൈത്ത് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്ർറെ പിന്നാലെയാണ് നടപടികൾ വേഗത്തിലാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ സംഘമെത്തുന്നത്. സർക്കാർ തലത്തിൽ നേരിട്ടുള്ള കരാറിനോടാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനും താത്പര്യം. നേരത്തെ കുവൈത്തിലെ ഏജൻസിക്ക് കരാർ നൽകുകയും അവർ ഇന്ത്യയിലെ ഏജൻസികൾക്ക് ഉപകരാർ നൽകുകയുമായിരുന്നു പതിവ്. സ്വകാര്യ ഏജൻസികൾ ഉദ്യോഗാർഥികളിൽനിന്ന് വൻ‌തുക ഈടാക്കുന്നതായി പരാതി വ്യാപകമായതോടെയാണ് കേന്ദ്രസർക്കാർ,  നഴ്സ് റിക്രൂട്മെൻറിന് ഒഡെപെകും നോർക്ക-റൂട്ട്സും ഉൾപ്പെടെ ആറ് സർക്കാ‍ർ ഏജൻസികളെ ചുമതലപ്പെടുത്തിയത്.

കുവൈത്ത് ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന യോഗ്യത അനുസരിച്ചുള്ള നഴ്സുമാരെ നൽകാൻ ഒഡെപെകിന് സാധിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. സ്വകാര്യമേഖലയിലെ ആശുപത്രികളുടെ ആവശ്യപ്രകാരവും ഇടനിലക്കാരെ ഒഴിവാക്കി നഴ്സുമാരെ നൽകാൻ തയാറാണെന്നും മന്ത്രി അറിയിച്ചു. ഇന്നും നാളെയുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം അധികൃതരുമായും തൊഴിൽ സാമൂഹിക തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹുമായും ടി.പി.രാമകൃഷ്ണൻ‌ കൂടിക്കാഴ്ച നടത്തും. ഒഡെപെക് ചെയർമാൻ എൻ.ശശിധരൻ നായർ, മാനേജിങ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, തുടങ്ങിയവർ മന്ത്രിക്കൊപ്പമുള്ള സംഘത്തിലുണ്ട്. 

‌‌