ഐഎന്‍ടിയുസിയോട് ആഭിമുഖ്യമുള്ള കേരള ഇലക്ട്രിസിറ്റി കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പ്രതിഷേധം. സംഘടനയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രധിഷേധം.
സംഘടനയുടെ നിയമത്തിന് വിരുദ്ധമായാണ് പ്രസിഡന്റ് കെ പി ധനപാലനും ജനറല്‍ സെക്രട്ടറി സി കെ രാജനും പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് കൊച്ചിയില്‍ നടന്ന സമ്മേളനത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സംഘടനാ തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലല്ലെന്നും ധനപാലന്റെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും പ്രവര്‍ത്തകസമിതി അംഗം പ്രദീപ് നെയ്യാറ്റിന്‍കരയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘടനയില്‍ വിരമിച്ചവരും പ്രധിനിധിപ്പട്ടികയില്‍ ഇല്ലാത്തവരും ഉണ്ടെന്നും ഇത് കോടതി ഉത്തരവിനും സംഘടനാചട്ടങ്ങള്‍ക്കും എതിരാണെന്നും ഇവര്‍ പറഞ്ഞു. നിലവിലെ ഭാരവാഹികളെ എതിര്‍ക്കുന്നവരെ പ്രതിനിധി പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും. എം എസ് റാവുത്തര്‍ മന്ദിരം നിര്‍മ്മാണത്തില്‍ ധനപാലന്‍ അഴിമതി നടത്തിയെന്നും ഇവര്‍ ആരോപിച്ചു.
ആരോപണങ്ങള്‍ ധനപാലന്‍ തള്ളി. സംഘടനയുടെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് പ്രതിഷേധത്തിനു പിന്നിലെന്ന് ധനപാലന്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ ബാങ്ക് വഴിയായതിനാല്‍ ഇതില്‍ കൈകടത്താന്‍ കഴിയാത്തവരാണ് പ്രധിഷേധിക്കുന്നത്. അഴിമതി ആരോപണങ്ങള്‍ നിയമപരമായി തെളിയിക്കാനും ധനപാലന്‍ വെല്ലുവിളിച്ചു.