മഹാരാജാസ് കോളജിൽ  കൊലചെയ്യപ്പെട്ട അഭിമന്യുവിനെക്കുറിച്ച്  മുൻ എംഎൽഎ െസെമൺ ബ്രിട്ടോയുടെ പത്നി സീന ഭാസ്ക്കർ എഴുതുന്നു

 

‘നിലാവേ.... നിലാവേ മാഞ്ഞുവോ ...’ റോഡിൽ നിന്നു വീട്ടിലേക്കു പ്രവേശിക്കുമ്പോൾ അഭിമന്യു വരവറിയിക്കുന്നതിങ്ങനെയാണ്... മകൾ നിലാവിനു വേണ്ടിയുള്ള പാട്ടാണത്. വലിയ കൂട്ടുകാരാണവർ. ഒന്നുകിൽ വ്യാഴാഴ്ച വൈകുന്നേരം അല്ലെങ്കിൽ വെള്ളിയാഴ്ച. വന്നാലുടൻ തന്നെ കയ്യിൽ കിട്ടുന്ന തോർത്തെടുത്തിട്ട് ‘ഇതു സീനേച്ചിയുടെ അല്ലല്ലൊ?’ എന്നുറപ്പിച്ചതിനു ശേഷം പുറത്തെ കുളിമുറിയൽ പോയി കുളി പാസാക്കും. തിരികെ വന്ന് എന്തെങ്കിലും കഴിച്ചു ചായ കുടിച്ചു ബ്രിട്ടോയുടെ യാത്രാ വിവരണം എഴുതാനിരുന്നാൽ പിന്നെ നാലഞ്ചു മണിക്കൂർ തുടർച്ചയായ എഴുത്ത്. ശേഷം ഭക്ഷണത്തിനു വിളിക്കും മുന്നേ എന്താണു ഭക്ഷണമെന്നു തിരക്കും. അത്താഴമാണെങ്കിൽ ചോറും അന്നുണ്ടാക്കിയ കറികളുടെ പേരും പറയും.

 

അവന്റെ മുഖത്തു ചെറിയൊരു ഭാവഭേദമുണ്ടെന്നു മനസ്സിലായാൽ നിനക്ക് എന്താ വേണ്ടതെന്നു ചോദിക്കും. പട്ടിണിക്കാരന്റെ മുന്നിലാണോ വിഭവങ്ങളുടെ കണക്കെടുപ്പ് എന്ന മറുചോദ്യം ചോദിക്കുമ്പോൾ ഞാൻ കളിയാക്കും,  ‘നീ ബ്രിട്ടോയുടെ യാത്ര എഴുതി സാഹിത്യ ഭാഷയിലായോ സംസാരം’മറുപടി പറയാതെ വെളുക്കെ ചിരിക്കും. രാവിലെകളിൽ കാപ്പി കുടിക്കാനായി മേശയ്ക്കരികിൽ ഇരിക്കുമ്പോഴായിരിക്കും ഞാൻ പലഹാരങ്ങൾ ഉണ്ടാക്കുക. അപ്പോൾ അവൻ ചോദിക്കും; ‘വൈകിയതെന്താ?’

 

‘വൈകിയതല്ല ചൂടോടെ രുചിയോടെ കഴിക്കാനാണ് അപ്പപ്പോൾ ഉണ്ടാക്കുന്നത്’‘വിശക്കുന്നവന് എന്തു രുചി ചേച്ചി... ഉണ്ടാക്കിയ പലഹാരങ്ങൾ തരൂ. വേഗം കഴിച്ചിട്ട് എഴുതാനിരുന്നില്ലെങ്കിൽ സഖാവ് വഴക്കുപറയും.’ ഞാനരികത്തിരുന്നു വിളമ്പി കൊടുക്കും. ഒരിക്കൽ ഞാനവനെ ചൊടിപ്പിക്കാനായി എഴുത്തിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടി ‘എടാ ഒരു എസ്എഫ്ഐക്കാരനു മലയാളം എഴുതാനറിയില്ലേ’ എന്നു ചോദിച്ചു. അന്നു മാത്രം ചിരിയെല്ലാം മാറ്റിവച്ചു മുഖത്തെ പ്രസന്നത വെടിഞ്ഞ് അവൻ ചോദിച്ചു; ‘എന്നെക്കുറിച്ചു ചേച്ചിക്ക് എന്തറിയാം...?’ഞാനും ഒന്നമ്പരന്നു. അവൻ ദുരിതങ്ങൾ കൂട്ടായുള്ള ജീവിത കഥ പറഞ്ഞു. 

 

‘എന്റെ മാതൃഭാഷ ഏതെന്ന് എനിക്കറിയില്ല. എന്റെ കുടുംബം വർഷങ്ങളായി തമിഴ്നാട്ടിൽ നിന്നു വട്ടവടയിലേക്കു കുടിയേറിയവരാണ്. ഞാൻ തമിഴ് സ്കൂളിലാണു പഠിച്ചിരുന്നത്. എന്റെ പഠന മികവു കണ്ടു തൃക്കാക്കരയിലുള്ള വൈഎംസിഎ ബോയ്സ് ഹോമിലേക്കു കൂട്ടിക്കൊണ്ടുവന്നു, ഇടപ്പള്ളിയിലുള്ള സെന്റ് ജോർജ് സ്കൂളിൽ ചേർത്തു പഠിപ്പിച്ചു.എട്ടാം ക്ലാസ് കഴിഞ്ഞു തിരികെ നാട്ടിലേക്കു പോയി. അവിടെ തന്നെയായി പഠനം. പ്ലസ് ടു കഴിഞ്ഞപ്പോൾ പഠിപ്പിക്കാൻ പൈസയില്ലാത്ത അച്ഛന്റെ വിഷമം മനസിലാക്കി ഒരു പ്ലംബറുടെ കൂടെ എറണാകുളത്തേക്കു ജോലിക്കു വന്നു. തുടർന്ന് എറണാകുളത്തെ ചില ഹോട്ടലുകളിൽ ക്ലീനിങ് ബോയിയായും പണിയെടുത്തിരുന്നു.

 

കോളജിൽ പോകുന്ന കുട്ടികളെ കാണുമ്പോൾ എനിക്കും പഠിക്കമെന്നാഗ്രഹം വന്നു. അങ്ങനെയാണു മഹാരാജാസ് കോളജിൽ ചേരുന്നത്; അങ്ങനെ ഞാൻ അഭിമന്യു മഹാരാജാസായി..’ഇടതടവില്ലാതെ ബ്രിട്ടോ പറയുന്ന വാചകങ്ങളെ പേപ്പറിലേക്കു പകർത്തിയെഴുതുമ്പോൾ എനിക്കറിയില്ലായിരുന്നു അഭിമന്യുവിന്റെ മാതൃഭാഷ മലയാളമല്ലായെന്ന്.എന്നാലും അക്ഷരത്തെറ്റുകൾ കുറച്ചു വേഗത്തിൽ അവൻ മലയാളമെഴുതുന്നതു കാണുമ്പോൾ ഒരിക്കലും മറ്റു ചിന്തകളില്ലാതെ ബ്രിട്ടോയോടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള ആവേശം അവന്റെ പ്രവൃത്തിയിലും കണ്ണുകളിലും സ്ഫുരിക്കുമായിരുന്നു.

 

വിശ്രമവേളകളിൽ പുറത്തേക്കു കണ്ണുനട്ടിരിക്കുന്ന അഭിമന്യു മുഖത്തു  നോക്കാതെ എവിടെയൊ ദൂരത്ത് നോക്കി കൊണ്ട് എന്നോടു ചോദിക്കും–‘എനിക്കും ഒരു നല്ല കാലം വരുമായിരിക്കുമല്ലേ’അവന്റെ സംശയങ്ങൾ കേൾക്കുമ്പോഴും  ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ വിശദീകരിക്കുമ്പോഴും എന്റെ ക്യാംപസ് കാലവും സംഘടനാ പ്രവർത്തനവുമെല്ലാം  മനസ്സിലെത്തും.‌. പുരാണത്തിലെ അഭിമന്യു ചക്രവ്യൂഹം ഭേദിച്ചിട്ടില്ലെന്നു ബ്രിട്ടോ പറഞ്ഞിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു.‘പുരാണത്തിലെ അഭിമന്യുവായിരിക്കില്ല, ഞാൻ പഠിച്ചു വട്ടവടയിലെ സയന്റിസ്റ്റാകും.’

 

ബിഎസ്‌സിക്കു കെമിസ്ട്രിയായിരുന്നു അവൻ തിരഞ്ഞെടുത്തിരുന്ന വിഷയം. വട്ടവടയിലെ കർഷക കുടുംബാംഗമാണ് അവനും. അതുകൊണ്ടു തന്നെ ഇടയ്ക്കു ശുണ്ഠി കയറ്റാനായി  ഞാൻ പറയും: ‘വിഷം തളിച്ച പച്ചക്കറി തീറ്റിച്ചു നിങ്ങൾ ഞങ്ങളെയൊക്കെ കൊല്ലും.’‘അയ്യോ..ഒരിക്കലുമില്ല. ശത്രുവിനോടു പോലും ഞാനങ്ങനെ ചെയ്യില്ല. നമ്മളൊക്കെ ഇടതുപക്ഷക്കാരല്ലേ’ എന്നും മനുഷ്യനെ ഹൃദയപക്ഷത്തു ചേർത്തു പിടിക്കണമെന്നു തിരിച്ചറിവുണ്ടായിരുന്ന , ഞാൻ പ്രസവിക്കാത്ത എന്റെ മകൻ തന്നെയായിരുന്നു അവൻ. ആ യുവ സഖാവിന്റെ  ഹൃദയമാണല്ലോ ക്യാംപസ് ഫ്രണ്ട് തകർത്തത്. 

 

കഴിഞ്ഞ വർഷം ഇതേ സമയത്ത് അച്ഛന്റെ കൈ പിടിച്ചു ക്യാംപസിലേക്കു  വന്ന അഭിമന്യു തനിക്കു കിട്ടിയ സ്വീകരണത്തേക്കാൾ  പതിന്മടങ്ങു മികച്ച സ്വീകരണം  പുതിയ കൂട്ടുകാർക്കൊരുക്കാനുള്ള  ആവേശത്തിലായിരുന്നു. വണ്ടിക്കാശിനും വഴിച്ചെലവിനും വകയില്ലാതെ വട്ടവടയിൽ നിന്നുള്ള പച്ചക്കറി ലോറിയിലിടം പിടിച്ച് എറണാകുളത്തെത്തുമ്പോഴും അവൻ പട്ടിണിയായിരുന്നിരിക്കണം. പട്ടിണി അവനു പുത്തരിയല്ലായിരുന്നു. വാ തോരാതെ സംസാരിക്കുന്ന, നിറഞ്ഞ ചിരിയോടെ പൂത്തു നിന്നിരുന്ന നിനക്ക് ഞങ്ങൾ പ്രിയപ്പെട്ടവരുടെ മനസ്സിൽ ഒരിക്കലും മരണമില്ല.