കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന് മാനസിക രോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി നീനുവിനെ പരിശോധിച്ച ഡോക്ടർ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നൽകിയത്.
നീനുവിന് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശധമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരാക്കി. നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകള്‍ മുടക്കിയാല്‍ പ്രശ്നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടുകള്‍ ഹാജരാക്കിയത്.
ഭാര്യവീട്ടുകാരുടെ ദുരഭിമാനത്താല്‍ കെവിന് ജോസഫ് കൊല്ലപ്പെട്ട ശേഷം നീനു കോട്ടയം മാന്നാനത്ത് ഭര്‍ത്തൃവീട്ടുകാര്‍ക്കൊപ്പമാണ് താമസം. അതിനിടയിലാണ് കോടതിയില്‍ മകളെ മാനസികരോഗിയാക്കാന്‍ പിതാവ് ചാക്കോയുടെ ശ്രമമുണ്ടായത്. നീനുവിന്റെ അമ്മ രഹ്നയും ഇൗ വാദത്തിൽ ഉറച്ചു നിന്നിരുന്നു.
നീനുവിനെ മൂന്നുതവണ ചികില്‍സക്കായി തന്റെ അടുക്കല്‍ കൊണ്ടുവന്നിരുന്നതായും എന്നാല്‍ നീനുവിന് ഒരു പ്രശ്നവും ഉണ്ടായതായി തോന്നിയില്ലെന്നും തനിക്ക് ഒരു പ്രണയമുണ്ടെന്നും അതില്‍ നിന്നും ഒരിക്കലും പിന്മാറില്ലെന്നു നീനു പറഞ്ഞിരുന്നതായും ഡോക്ടര്‍ പറഞ്ഞു.