ഒാഗസ്റ്റ് മാസം പിറന്നതേ മൂടിക്കെട്ടിയ മാനവും നിര്‍ത്താതെ പെയ്യുന്ന മഴയുമായി. ഒാഗസ്റ്റ് ഒന്ന്, ബുധനാഴ്ച. രാവിലെ തുടങ്ങിയ മഴ നിര്‍ത്താതെ പെയ്യുന്നു, വന്‍മഴയല്ല, പക്ഷെ നിരന്തരം പെയ്യുന്ന മഴ. അന്ന് മന്ത്രിസഭാ യോഗമുള്ള ദിവസമായിരുന്നു. ഇടുക്കിയിലും പശ്ചിമഘട്ടത്തിലാകെയും മഴ ഏതാനും ദിവസമായി മഴതുടരുകയാണ്. സംഭരണികളിലേക്കുള്ള നീരൊഴുക്ക് കൂടി. കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. ഇടുക്കി തുറക്കേണ്ടി വരും, അത് അനിവാര്യമാണ്, ഘട്ടം ഘട്ടമായെ തുറക്കാവൂ എന്നതായിരുന്നു സംസ്ഥാന മന്ത്രിസഭയുടെ വിലയിരുത്തല്‍.
പിന്നീടുള്ള ദിവസങ്ങളിലും മഴ തുടര്‍ന്നു, ഈ വര്‍ഷകാലമെന്തായിങ്ങനെ എന്നു തോന്നാത്തവരുണ്ടാകില്ല. എന്നും മഴ, എപ്പോഴും മഴ. കാറ്റും കടല്‍ക്ഷോഭവും ഒപ്പം. ആറ് ദിവസങ്ങളങ്ങനെ പിന്നിട്ടു. ഒാഗസ്റ്റ് ഏഴ് വൈകിട്ട് മഴകനത്തു, പിന്നീട് 18 വരെ മഴ നിന്നില്ല. കാലവര്‍ഷത്തിന്റെ രൂപവും ഭാവവും മാറി. കറുത്തിരുണ്ട ദിവസങ്ങള്‍, നിര്‍ത്താതെ പെയ്യുന്ന മഴ. ദിവസം തോറും മഴയുടെ തീവ്രത കൂടി.
ഒാഗസ്റ്റ് എട്ടു തന്നെ നോക്കൂ. കേരളമാകെ കനത്ത മഴ. വൈത്തിരിയിലും മാനന്തവാടിയിലും പീരുമേടും എല്ലാം 12 സെന്റി മീറ്ററിന് മുകളില്‍ മഴ രേഖപ്പെടുത്തി. ഒാഗസ്റ്റ് ഒന്‍പത്, അന്ന് മഴമേഘങ്ങള്‍ കേരളത്തെ മുക്കിക്കൊല്ലാന്‍ തീരുമാനിച്ചപോലെയായിരുന്നു, നിലമ്പൂരില്‍ 24 മണിക്കൂറില്‍ പെയ്തിറങ്ങിയത് 40 സെന്റി മീറ്റര്‍ മഴ. ഒരുപക്ഷെ ഈ മഴക്കാലത്തെ ഏറ്റവും ഉയര്‍ന്ന മഴക്കണക്കാണത്. മാനന്തവാടിയില്‍ 31 പീരുമേടും ഇടുക്കിയിലും 25 സെന്റി മീറ്റര്‍വീതം. മഴയുടെ രൂപഭാവങ്ങളാകെ മാറുകയായിരുന്നു.
നിര്‍ത്താതെ പെയ്തശേഷം 15 ന് വീണ്ടും കനത്തു. മണ്‍സൂണിന്റെ തീവ്രതയില്‍ സ്വാതന്ത്ര്യദിനം ചടങ്ങുകളിലൊതുങ്ങി, ആഘോഷങ്ങളില്ലാതെ പോയി. കേരളം തിരിച്ചറിയുകയായിരുന്നു, ദുരന്തം വരുന്ന വഴി. പടിവാതിക്കെലെത്തിയ പ്രളയം ഭീതിദമായ നിലയിലേക്ക് വളര്‍ന്നു.
ഒാഗസ്റ്റ് 16, മഴ, നരക മഴയായി. പീരുമേട് 35 സെന്റിമീറ്റര്‍, പൊന്നാനിയില്‍ 27, വടകര 26, വെള്ളാനിക്കര 25, മണ്ണാര്‍ക്കാട് 24, ആലത്തൂരില്‍ 23 ഇങ്ങനെ സംസ്ഥാനം മുക്കിക്കൊണ്ട് പെരുമഴ പെയ്തിറങ്ങി. എല്ലാജില്ലയിലും വെള്ളപ്പൊക്കം. സംഭരണികളിലേക്ക് വെള്ളം കുത്തിയൊഴുകി. നാടാകെ ഉരുള്‍പൊട്ടല്‍.
എന്തായിരുന്നു ഈ പെരുമഴയുടെ കാരണം?
ഒന്‍പാതം തീയതിയാണ് ഇടുക്കി തുറന്നത്, 10ാം തീയതി അഞ്ച് ഷട്ടറുകളും ഉയര്‍ത്തേണ്ടി വന്നു. പിറകെയെത്തിയ തോരാമഴയില്‍ ഒന്നൊന്നായി പ്രധാന സംഭരണികളാകെ തുറന്നു വിടേണ്ടിവന്നു. നദികളും കൈവഴികളും ചെറുകനാലുകള്‍ പോലും നിറഞ്ഞു കവിഞ്ഞു. കേരളം നൂറുവര്‍ഷത്തിലെ ഏറ്റവും വലിയ പ്രളയത്തിലേക്ക് മുങ്ങി താഴുകയായിരുന്നു. 12 മുതല്‍ 16 വരെ ഡാമുകളെല്ലാം തുറന്നെന്നു മാത്രമല്ല, ഷട്ടറുകള്‍ ഉയര്‍ത്തിക്കൊണ്ടേ ഇരിക്കേണ്ടിവന്നു. പ്രളയജലം ആര്‍ത്തലച്ചെത്തിയപ്പോള്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളാകെ പ്രളയജലത്തിനടിയിലായി.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. ട്രെയിൻ ഗതാഗതം നിറുത്തി. ദേശീയ, സംസ്ഥാന പാതകള്‍സ്തംഭിച്ചു. 16,17,18 ഒാഗസ്റ്റ് മലയാളിക്കും ഇന്ത്യക്കും മറക്കാനാവില്ല. ലോകത്തിന്റെയാകെ ശ്രദ്ധ കേരളത്തിലേക്ക് തിരിഞ്ഞ ദിവസങ്ങള്‍. ലക്ഷക്കണക്കിന് ജനങ്ങള്‍ പ്രളയക്കെടുതിയില്‍. നാടും നഗരവും മുങ്ങിതാഴുന്ന സ്ഥിതി. സേനാവിഭാഗങ്ങളും ജനങ്ങളും സര്‍ക്കാരും ഒറ്റക്കെട്ടായി പ്രളയത്തെ നേരിടുന്നതിന്റെ അനുഭവങ്ങളിലൂടെയാണ് നമ്മളോരോരുത്തരും കടന്നു പോയത്, കടന്നുപോകുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആവര്‍ത്തിച്ച്, ഒന്നിനു പിറകെ ഒന്നായി വന്ന ന്യൂനമര്‍ദ്ദങ്ങള്‍, ശക്തമായ പടിഞ്ഞാറന്‍കാറ്റ്, കേരളമുള്‍പ്പെടുന്ന പടിഞ്ഞാറന്‍തീരമാകെ നീണ്ട മണ്‍സൂണ്‍പാത്തി, ശാന്തസമുദ്രത്തില്‍രൂപം കൊണ്ട മണ്‍സൂണ്‍ അനുകൂല ഘടകങ്ങള്‍. വന്‍മഴയുടെ പുതപ്പിനു താഴേക്ക് കേരളത്തെ വലിച്ചുതാഴ്ത്തിയത് ഇവയായിരുന്നു എന്നാണ് കാലാവസ്ഥാ ശാസ്ത്രം പറയുന്നത്.
(തുടരും)