മലയാളിയുടെ മനസ്സിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് ഇടുക്കി സംഭരണി. ഹൈറേഞ്ചിന്റെ ഉയരങ്ങളിലെ മനുഷ്യനിര്‍മ്മിത തടാകം. പെരിയാറിന്റെ ജലം സമതലങ്ങള്‍ക്കായും വൈദ്യുതോല്‍പാദനത്തിനായും കാത്തു സൂക്ഷിക്കുന്ന വന്‍സംഭരണി. ഏഷ്യയില്‍തന്നെ ഏറ്റവും ഉയരത്തിലുള്ള ആര്‍ച്ച് ഡാമുകളിലൊന്നാണ്  ഇടുക്കി സംഭരണി. ചെറുതോണി, കുളമാവ് സംഭരണികളുമായി ചേര്‍ന്ന ഈ വന്‍ജലസഞ്ചയത്തില്‍ നിന്ന്  മൂലമറ്റത്താണ് വൈദ്യുതി ഉത്പാദനം നടക്കുന്നത്. 

 

പെരിയാറെന്ന അത്ഭുതത്തെ ഒരു നിര സംഭരണികളില്‍ തടഞ്ഞു നിർത്തിയാണ് വൈദ്യുതി ഉത്പാദിപ്പിക്കാനും ജലസേചനത്തിനും കുടിവെള്ളത്തിനുമൊക്കെയായി ഉപയോഗിക്കുന്നത്. 244 കിലോ മീറ്റര്‍ നിളത്തിലൊഴുകുന്ന പെരിയാറിലും കൈവഴികളിലുമായി 14 ഡാമുകളുണ്ട്. ഇടുക്കി, ചെറുതോണി, ഇടമലയാര്‍, മാട്ടുപ്പെട്ടി, ഭൂതത്താന്‍കെട്ട് . പിന്നെ മുല്ലപെരിയാറും .ഈ പേരുകളൊക്കെ നമുക്ക് സുപരിചിതം. 

 

1973 ല്‍ പ്രവര്‍ത്തന സജ്ജമായ, 2404 അടി സംഭരണശേഷിയുള്ള ഇടുക്കി ഇതിന് മുന്‍പ് രണ്ട് തവണയേ നിറഞ്ഞു കവിഞ്ഞിട്ടുള്ളൂ. 1981 ലും 1992 ലും. 2018 ഒാഗസ്റ്റ് ഒന്‍പത് മുതല്‍ പത്ത് ദിവസം പെരിയാറും ഇടുക്കിയും കൂടി കേരളത്തെയും രാജ്യത്തെയും മുള്‍മുനയില്‍നിർത്തി. ഇടമലയാര്‍നിറഞ്ഞു കവിയുന്നു, ഷട്ടറുകളൊന്നൊന്നായി തുറക്കേണ്ടി വന്നു. പിറകെ ചെറുതോണി തുറന്നു വിടുന്ന അത്ഭുതകരവും ഭയപ്പെടുത്തുന്നതുമായ കാഴ്ച, പിറകെയെത്തുന്നു മുല്ലപ്പെരിയാറും തുറക്കുന്നുവെന്ന വാര്‍ത്ത. 

 

1895ല്‍പണിഞ്ഞ മുല്ലപെരിയാര്‍സംഭരണ ശേഷിയുടെ അറ്റത്തേക്ക് നിറഞ്ഞു കവിഞ്ഞപ്പോള്‍ കേരളം ശ്വാസമടക്കിപിടിച്ചു. തുറന്നു വിടുകയല്ലാതെ വഴിയില്ല, കൂടുതല്‍, കൂടുതല്‍ജലം. പെരിയാറിലേക്ക്, അനേക ലക്ഷം ലീറ്റര്‍ജലം ഒരു സെക്കന്‍ഡില്‍ ഒഴുകിയെത്തി. ഇടുക്കി ജില്ല മാത്രമല്ല വിറങ്ങലിച്ചത്. പെരിയാറിന്റെ തീരത്തെ എറണാകുളം ജില്ലയുടെ വടക്കന്‍ഭാഗങ്ങളാകെ അങ്ങേയറ്റത്തെ ഭയപ്പാടിലായി.ലോകം ഒന്നടങ്കം കേരളത്തിന്റെ സുരക്ഷക്കായി പ്രാര്‍ഥിച്ച ദിവസങ്ങള്‍. ഒാരോമിനിറ്റും ഇടുക്കിയിലെ നീരൊഴുക്കും തുറന്നു വിടുന്ന ജലത്തിന്റെ കണക്കും കാത്ത് മലയാളികളാകെ കണ്ണുനട്ടിരുന്ന മണിക്കൂറുകള്‍. 

 

വന്‍അണക്കെട്ട് രാജ്യത്തിന് ശക്തിയാണ്, വൈദ്യുതി മാത്രമല്ല, താഴ്്്വാരങ്ങളിലെ ജലലഭ്യത, പ്രളയം തടയാനുള്ള ശേഷി ഇങ്ങനെ വന്‍അണക്കെട്ടുകളെ പിന്താങ്ങുന്നവര്‍ക്ക് നിരത്താന്‍ നേട്ടങ്ങളുടെ കണക്കുകളേറെയാണ്. വന്‍ സംഭരണികള്‍ നേട്ടമോ കോട്ടമോ എന്ന സംവാദം അവിടെ നില്‍ക്കട്ടെ. ഇവയുടെ സുരക്ഷയും മാനേജ്മെന്റുമാണ് നമുക്കുമുന്നില്‍ ഇന്നുള്ള പ്രശ്നം. പെരിയാറെന്ന വന്‍നദിയെ, അതിന്റെ  5398 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വൃഷ്ടി പ്രദേശത്തെ, എല്ലാത്തിനുമുപരി കലിതുള്ളിയെത്തുന്ന കാലവര്‍ഷത്തെ കൂടി കണക്കിലെടുത്താവണം എത്ര ജലം സംഭരിക്കണം, എത്രജലം , തവണകളായി തുറന്നു വിടണം എന്ന് തീരുമാനിക്കേണ്ടത്. കേരളത്തിലെ വലിയ 53 സംഭരണികളിലായി ഏഴ് ട്രില്യണ്‍ ( ലക്ഷം കോടി) ലീറ്റര്‍വെള്ളം സംഭരിക്കപ്പെടുന്നുവെന്നാണ് കണക്ക്. ഇവക്കെല്ലാം വേണം സുരക്ഷക്ക് മുൻഗണന നല്‍കുന്ന മാനേജ്മെന്റ് പ്ലാനുകള്‍.

 

വന്‍മഴ പെയ്തിറങ്ങുമ്പോള്‍, പെരിയാറിന്റെ രൂപഭാവങ്ങള്‍മാറും. കൂടാതെ വൃഷ്ടിപ്രദേശത്തെ സംഭവങ്ങളും കണക്കാക്കിയെ മതിയാകൂ. ഒന്നും നോക്കാതെ കാടായ കാടൊക്കെ വെട്ടിയിറക്കുകയും ഭൂവിനിയോഗം മാറ്റി മറിക്കുകയും ചെയ്യുമ്പോള്‍,  ഉരുള്‍പൊട്ടി വരും പാറയും മണ്ണും വെള്ളവുമെന്ന് കാണാതിരിക്കരുത്. ഇതാണ് സംഭരണികളിലേക്കുള്ള ഭീകരമായ നീരൊഴുക്കിന് കാരണമാകുന്നത്. നിറഞ്ഞു കവിയുന്ന ഡാമുകള്‍ വന്‍ഭീഷണിയാകുന്നത്. 

 

വന്‍മഴയും പ്രളയജലവും വന്നു നിറഞ്ഞിട്ടും ഇടുക്കിയും മുല്ലപ്പെരിയാറും ഇടമലയാറും വാതുറന്ന് നിന്നപ്പോഴും പ്രകൃതി കേരളത്തെ പൂര്‍ണ്ണമായി കൈവിടാത്തതിനാലാണ്, നമ്മളോരോരുത്തരും ബാക്കിയായത്. റെഡ് അലര്‍ട്ടിനും മുകളിലെ ദുരന്തത്തിലേക്ക് കേരളത്തിലെ ഒരു അണക്കെട്ടും എന്തോ ഭാഗ്യം കൊണ്ട് എത്തിച്ചേര്‍ന്നില്ല. കടല്‍കയറിയില്ല. എങ്കില്‍ പ്രളയജലം രണ്ടുമൂന്ന് ജില്ലകളെയാകെ കൂടെ കൊണ്ടുപോയേനെ. അങ്ങേയറ്റം ഗുരതുമായ പ്രളയസ്ഥിതി ഉണ്ടായെങ്കിലും, എല്ലാം തീര്‍ക്കുന്ന സംഹാരത്തിന്റെ വക്കില്‍നിന്ന് കേരളം മടങ്ങി വരുകയായിരുന്നു. ഈ തിരിച്ചറിവിലൂടെ വേണം ഡാം സുരക്ഷയെയും, യുക്തിസഹമായ ജല മാനേജ്മെന്റിനെയും കുറിച്ച് നമ്മള്‍ ചിന്തിക്കാന്‍. ഇടുക്കി പത്തുദിവസം നമ്മെപഠിപ്പിച്ച പേടിയുടെ പാഠം ഇതാണ്.

 

(തുടരും)

 

More Flood News