പ്രളയദുരിതം ഏറ്റവും ബാധിച്ച പ്രദേശങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ വടക്കൻ പ്രദേശമായ പാറക്കടവ്. ചാലക്കുടിപ്പുഴ കവിഞ്ഞൊഴുകി പൂവത്തുശേരി മേഖല പൂർണമായും വെള്ളത്തിനടിയിലായി. ഒരാഴ്ചയായിട്ടും വീടുകളിൽ നിന്ന് വെള്ളമിറങ്ങിയിട്ടില്ല.

 

എറണാകുളം - തൃശൂർ ജില്ലകളുടെ അതിർത്തി ഗ്രാമമാണ് പാറേക്കടവ് പഞ്ചായത്തിലെ പൂവത്തുശേരി. ചാലക്കുടി പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പാറേക്കടവ് പഞ്ചായത്തും തൃശൂർ ജില്ലയിലെ അന്നമനട, മാള, ചലക്കുടി പ്രദേശങ്ങളും പൂർണമായി വെള്ളത്തിൽ മുങ്ങി. ശക്തമായ കുത്തൊഴുക്കിൽ മൂന്ന് വീടുകൾ നിലംപൊത്തി.

 

 മതിലുകൾ തകർന്നു വീണു. പല വീടുകളും ഇപ്പോഴും വെളളത്തിലാണ്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും തുടങ്ങി വീടിന്റെ ആധാരം വരെ വെള്ളം കയറി നശിച്ചു. കഴുത്തറ്റം വെള്ളമായപ്പോൾ ജീവനും കൊണ്ട് രക്ഷപെടുകയായിരുന്നു പലരും. നൂറു കണക്കിന് കന്നുകാലികൾ ചത്തു. വൻ കൃഷി നാശവും ഉണ്ടായി. പലർക്കും ഇതൊരു പുനർജന്മമാണ്. വെള്ളം ഇറങ്ങിയാലും ജീവിതം ഇനി എങ്ങനെ മുന്നോട്ടു നീങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.