പ്രളയത്തിൽ നെടുമ്പാശേരി വിമാനത്താവളം അടച്ചത് ഏറ്റവും തിരിച്ചടിയായത് കേരളത്തിൽ നിന്നുള്ള ടൂർ ഓപ്പറേറ്റര്‍മാര്‍ക്കാണ്. യാത്രകള്‍ മുടങ്ങിയതോടെ കോടികളുടെ നഷ്ടമാണ് ഈ മേഖലയിലുണ്ടായത്.
വിദേശത്തേക്കും രാജ്യത്തിനുള്ളില്‍ തന്നെയും ഏറ്റവുമധികം പേര്‍ വിനോദയാത്രക്ക് ഒരുങ്ങുന്നത് ഓണാവധിക്കാലത്താണ്. ഇതില്‍തന്നെ ഏറിയപങ്കും പുറപ്പെടുന്നത് നെടുമ്പാശേരി വഴിയും. വിമാനത്താവളം അടച്ചതോടെ ഈ യാത്രകളെല്ലാം റദ്ദായി. എന്നാല്‍ ടൂർ ഓപ്പറേറ്റര്‍മാര്‍ വഴി മുന്‍കൂര്‍ ബുക്കുചെയ്ത ഹോട്ടൽ മുറികളുടെ തുകയൊന്നും ഇനി തിരിച്ചുകിട്ടില്ല. പകരം മറ്റൊരു തീയതിയിലേക്ക് ബുക്കിങ്ങ് മാറ്റിയെടുക്കാനും കഴിയില്ല. വിമാന ടിക്കറ്റുകളുടെ ചിലവും പണമായി തിരികെ കിട്ടില്ല. പകരം മറ്റൊരു തീയതിയിലേക്ക് മാറ്റിനല്‍കുകയാവും വിമാനക്കന്പനികൾ ചെയ്യുക. എന്നാല്‍ അവധി കഴിഞ്ഞാല്‍ പലര്‍ക്കും അതുകൊണ്ട് കാര്യമില്ല. ഫലത്തില്‍ യാത്രക്കായി ചിലവാക്കിയ തുക ഏറെക്കുറെ പൂര്‍ണമായും വെള്ളത്തിലാകും.
ഈ സാഹചര്യത്തിൽ ഇടപാടുകാര്‍ക്ക് പണം തിരികെ നല്‍കാന്‍ ടൂർ ഓപ്പറേറ്റര്‍മാര്‍ക്കാവില്ല. വീസക്കും താമസത്തിനുമെല്ലാമായി മുന്‍കൂര്‍ ചിലവാക്കിയ തുക കിഴിച്ച്,, ബാക്കിവരുന്ന തുകയ്ക്ക് മാത്രം മറ്റൊരു ടൂർ പാക്കേജ് നൽകുകയെന്ന വഴിയാണ് പരിഗണിക്കുന്നത്. നഷ്ടം രണ്ടുകൂട്ടരും സഹിക്കേണ്ടി വരുമെന്ന് ചുരുക്കം.