ഈ മഴക്കാലം കേരളത്തെ വല്ലാതെ പേടിപ്പിച്ചത് നിരന്തര ഉരുള്‍പൊട്ടലുകളിലൂടെയായിരുന്നു. താമരശ്ശേരിക്കടുത്ത് കരിഞ്ചോല കട്ടിപ്പാറയില്‍ പതിനാല് ജീവനുകളാണ് പൊലിഞ്ഞത്. ആരും മുന്‍പ് വലിയ ശ്രദ്ധയൊന്നും നല്‍കാത്ത മലയോര ഗ്രാമം പെരുമഴയില്‍ വിറങ്ങലിച്ചു നിന്നു. മണ്ണും പാറയും വെള്ളവും മരവും എല്ലാം ഇടിഞ്ഞെത്തിയപ്പോള്‍ പകച്ചു നില്‍ക്കാനേ അവിടുത്തുകാര്‍ക്കായുള്ളൂ. ഇരുട്ടിലും മഴയിലും ആരൊക്കയോ എങ്ങിനെയോ രക്ഷാപ്രവര്‍ത്തനം തുടങ്ങി, നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ഒപ്പം ചേര്‍ന്നു. ഒാരോ പ്രിയപ്പെട്ടവരെയായി മണ്ണിന്റെ ആഴങ്ങളില്‍നിന്ന് പുറത്തെടുത്തു, പിന്നെ ഇന്‍ക്വസ്റ്റ്, പോസ്മോര്‍ട്ടം. 

 

ഒടുവില്‍ ആ ശരീരങ്ങള്‍ ഖബറടക്കി, സര്‍ക്കാര്‍ സഹായം ഉറ്റവര്‍ക്ക് നല്‍കി. പിന്നെ നമ്മള്‍ അവരെ മറന്നു. ആ ഗ്രാമത്തെ വിസ്മരിച്ചു. അവിടുത്തെ ക്വാറികളുയര്‍ത്തിയ ഭീഷണി, മലമുകളിലാരോ പണിഞ്ഞുയര്‍ത്താന്‍ശ്രമിച്ച അനധികൃത സംഭരണി. മാറിയ ഭൂവിനിയോഗം. ഇനിയും വരാവുന്ന അപകടം. ഇതെല്ലാം മഴവെള്ളത്തോടൊപ്പം ഒലിച്ചുപോയി. പെട്ടെന്ന് ദുരന്തങ്ങളെ മറവിയുടെ ചവറ്റുകുട്ടയിലേക്ക് തള്ളാനാണ് നമുക്ക് ഇഷ്ടം, സൗകര്യം. 

 

പിന്നീടിങ്ങോട്ടുകണ്ടതും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നഷ്ടപ്പെട്ട ജീവനുകളുടെ തുടരുന്ന കഥ. ഇടുക്കിയില്‍, മലപ്പുറത്ത്, തൃശ്ശൂരില്‍, പാലക്കാട്. ഒാഗസ്റ്റ് മാസത്തിന്റെ ആദ്യ 18 ദിവസം മഴ തീവ്രമായപ്പോള്‍, നാട്ടിലെങ്ങും മണ്ണിടിഞ്ഞു, ഉരുള്‍പൊട്ടി, പാറയും മണ്ണും ഭൂഗര്‍ഭജലവും ഇരമ്പിയെത്തിയപ്പോള്‍ വഴിയിലുള്ളതെല്ലാം നാമാവശേഷമാകുകയായിരുന്നു. കൂടാതെ സംഭരണികളിലേക്കും പുഴകളിലേക്കും ഉരുള്‍പൊട്ടിയെത്തിയ വെള്ളം വന്‍ പ്രളയസ്ഥിതിയുണ്ടാക്കി. 

 

വന്‍മഴക്കാലത്ത് വെള്ളം മണ്ണിനടിയില്‍സംഭരിക്കപ്പെടുമ്പോള്‍ പുറത്തേക്ക് ക്രമമായി ഊര്‍ന്നിറങ്ങാനുള്ള വഴികളടയുമ്പോള്‍, കുത്തനെയുള്ള ചരിവുകളുടെ സ്വാഭാവിക സ്ഥിതിമാറുമ്പോള്‍, അശാസ്ത്രീയമായി റോഡ് പണിയുമ്പോള്‍, ചരിവുകളില്‍വീടുകള്‍ ഉറപ്പില്ലാതെ പണിഞ്ഞുയര്‍ത്തുമ്പോള്‍, എല്ലാത്തിനുമുപരി ഉറവകളുടെ, പുഴകളുടെ വഴിയടയുമ്പോള്‍, ഭൂമിയുടെ സ്വഭാവം ആകെ മാറ്റിമറിക്കപ്പെടുമ്പോള്‍, ഉരുള്‍പൊട്ടും. അത് ഭൂമിയുടെ സ്വാഭാവിക പ്രതികരണമാണ്. 

 

തിരുവനന്തപുരത്തൊരു വലിയ ശാസ്ത്രഗവേഷണ സ്ഥാപനമുണ്ട്. മുന്‍മുഖ്യമന്ത്രി സി.അച്യുതമേനോന്റെ ദീര്‍ഘ വീക്ഷണത്തില്‍ പിറന്ന ഭൗമശാസ്ത്ര പഠനകേന്ദ്രം. ഇന്നത് ദേശീയ ഗവേഷണ സ്ഥാപനമാണ്. അവിടെ ഡോ.ജോണ്‍മത്തായി, ഡോ.ശങ്കര്‍ തുടങ്ങി ആഴത്തിലുള്ള ശാസ്ത്രബോധവും പ്രയോഗിക ജ്ഞാനവും ഉള്ളവരുണ്ട്. ഇത്തരം ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ കേരളത്തിലെ ഉരുള്‍പൊട്ടല്‍ സാധ്യതാ പഠനവും മാപ്പിങ്ങും നടന്നു. ദുരന്തസാധ്യതാ ഭൂപടം സര്‍ക്കാരിന് നല്‍കുകയും ചെയ്തു. ഇത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ പൂര്‍ത്തിയായിരുന്നു. 

 

ഇപ്പോഴിതിന്റെ പ്രസക്തി എത്രയെന്ന് വ്യക്തമാകുന്ന സംഭവങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.  ഏറ്റവും ആദ്യം വേണ്ടത് ഈ പഠനത്തെ അടിസ്ഥാനമാക്കി പ്രായോഗിക ആക്ഷന്‍പ്്ളാന്‍ ജില്ലാതലത്തില്‍ രൂപം നല്‍കുകയാണ്. വന്‍മഴക്കാലത്ത് അപകടസാധ്യതാ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കണം. സുരക്ഷിതവും വൃത്തിയുള്ളതുമായ താല്‍ക്കാലിക താമസ സൗകര്യം വേണം. എപ്പോഴാണ് ജില്ലാഭരണകൂടങ്ങള്‍ ഉരുള്‍പൊട്ടല്‍ അലര്‍ട്ട് നല്‍കിത്തുടങ്ങേണ്ടതെന്ന് തീരുമാനിക്കേണ്ടത് വിദഗ്ധ ശാസ്ത്രജ്ഞരാണ്. ജിയോളജിസ്റ്റുകളും കാലാവസ്ഥാ ശ്സാത്രജ്ഞരും ഭരണകര്‍ത്താക്കളും ഒപ്പമിരിക്കണം, സമയബന്ധിതമായി തീരുമാനമെടുക്കണം. 

 

ഉരുള്‍പൊട്ടലിന്റെ ഭൂരിഭാഗവും ഉണ്ടാകുന്നത് മലയോര മേഖലയിലാണ്. അതീവ പാരിസ്ഥിതിക ലോലമായ പശ്ചമിഘട്ട മലനിരകളില്‍. ഇവിടെ ക്വാറി പ്രവര്‍ത്തനം നിയന്ത്രിക്കണം, മണ്‍സൂണ്‍കാലത്ത് നിർത്തിവെക്കണം. ട്രോളിങ് നിരോധനം പോലെ ക്വാറിയിങ് നിരോധനവും നിലവില്‍വന്നേ മതിയാകൂ. ഈ പ്രദേശങ്ങളിലാകെ അതീവ ജാഗ്രത പുലര്‍ത്തുക മാത്രമല്ല, രക്ഷാ പ്രവര്‍ത്തനത്തിന് വികേന്ദ്രീകൃത സംവിധാനവും ഉപകരണങ്ങളും വേണം. 

 

ദുരന്തം വരുന്നവഴി തെറ്റായ ഭൂവിനിയോഗവും നിര്‍മ്മാണ, ഖനന പ്രവര്‍ത്തനങ്ങളുമെന്ന് വ്യക്തം. അത് കുറച്ചുകൊണ്ടുവരാന്‍, ശരിയായ രീതിയിലുള്ള ഭൂവിനിയോഗം ഉറപ്പു വരുത്താന്‍ എത്രയും നേരത്തെ നിയമം കൊണ്ടുവരുന്നോ അത്രയും നന്ന്. നിയമം കൊണ്ടുവന്നിട്ട് അതില്‍ പിന്നെ വെള്ളം ചേര്‍ത്തിട്ടുകാര്യമില്ല. നെല്‍വയല്‍നീര്‍ത്തട സംരക്ഷണ നിയമേ പോലെയായവും. 

ചവുട്ടി നില്‍ക്കുന്ന മണ്ണിനെ ബഹുമാനിക്കണം, സ്്നേഹിക്കണം, ഒപ്പം മനസ്സിലാക്കാനും ശ്രമിക്കണം. പിറന്നമണ്ണിനോട് മലയാളി കാട്ടുന്ന തികഞ്ഞ അജ്ഞതയും അവജ്ഞയുമാണ് ഭീകരദുരന്തങ്ങളെ വിളിച്ചുവരുത്തിയതെന്ന് നിസ്സംശയം പറയാം. 

 

ഭൂമിയുടെ ഉപയോഗം ഭൂപ്രകൃതിക്കനുസരിച്ചായില്ലെങ്കില്‍ തിരിച്ചടിവരും. ഇക്കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ഭൗമശാസ്ത്ര പഠനകേന്ദ്രമുണ്ട്, മണ്ണിന്റെ സ്വഭാവമറിയാവുന്ന കൃഷിക്കാരുണ്ട്, പരിസ്ഥിതി ശാസ്ത്രജ്ഞരുണ്ട്. അവരുടെ വാക്കുകള്‍ ശ്രദ്ധിച്ചേമതിയാകൂ. അവര്‍പറയുന്നത് എല്ലാവര്‍ക്കും സുഖകരമാകണമെന്നില്ല. പക്ഷെ ഭൂമിയെ അറിഞ്ഞ് ജീവിക്കാന്‍ ഇനിയെങ്കിലും പഠിച്ചില്ലെങ്കില്‍, മലയും കുന്നും ഇനിയും ഇടിഞ്ഞുവീഴും, മലവെള്ളവും പാറയും ഇരമ്പിയെത്തും. മഹാപ്രളയങ്ങളുടെ തുടര്‍ച്ച വേണ്ടെങ്കില്‍ കേരളം മണ്ണിനോട് ഇനിയും അനാദരവ് കാട്ടരുത്. അപ്പോള്‍മഴയും മണ്ണും നമുക്കൊപ്പം നില്‍ക്കും.