kerala-police-help

പ്രളയദുരന്തത്തിൽ അകപ്പെട്ട പോലീസ് കുടുംബങ്ങൾക്ക് വൻ സഹായപദ്ധതികളുമായി കൊച്ചിയിലെ പോലീസ് ഹൗസിങ് സഹകരണ സംഘം. വീട് നഷ്ടപ്പെട്ടവർക്കും പുനരുദ്ധാരണം വേണ്ടവർക്കും പലിശരഹിത വായ്‌പകൾ നൽകുകയാണ് സംഘം. കേരളത്തിലെ അൻപതിനായിരത്തോളം പൊലീസുകാർ സംഘത്തിൽ അംഗങ്ങളാണ്. 

 

താമസയോഗ്യമല്ലാത്ത വിധം വീട് തകർന്നുപോയ പോലീസുകാർക്ക് 10 ലക്ഷമാണ് സഹകരണ സംഘത്തിന്റെ സഹായം. ഭാഗികമായി തകർന്ന് അറ്റകുറ്റപ്പണികൾ വേണ്ട വീടുകൾക്ക് രണ്ടുലക്ഷം രൂപയും വായ്പ ലഭിക്കും. ഇവ രണ്ടും  പലിശരഹിത വായ്പകളാണ്. കൂടാതെ ഇത്തരത്തിൽ അപകടത്തിലായത് സംഘത്തിൽ നിന്നും വായ്പയെടുത്തു നിർമ്മിച്ച വീടുകളാണെങ്കിൽ അവയുടെ തിരിച്ചടവിൽ പലിശയിളവ് നൽകും. വീടുകളുടെ കേടുപാടുകൾ സംബന്ധിച്ച ജില്ലാ പോലീസ് മേധാവിമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആകും തീരുമാനം. 

 

 

പ്രളയബാധിതരെ  സഹായിക്കുന്നതിനായി പോലീസ് ഹൗസിംഗ് സഹകരണ സംഘം നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നൽകിയിരുന്നു. കൂടാതെ 7 വീടുകൾ നിർമ്മിച്ചു നല്കാനും തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ അംഗങ്ങളായ പൊലീസുകാർക്കുള്ള പലിശരഹിത വായ്പാസഹായം.