പുലിയുടെ മുൻപിൽനിന്നു യുവതി അദ്ഭുതകരമായി രക്ഷപ്പെട്ടു. പുത്തനഴി അമ്പലപ്പടി എടത്തൊടി ദിലീപിന്റെ ഭാര്യ ദൃശ്യയാണ് വീടിന്റെ അടുക്കളഭാഗത്ത് പുലിയുടെ മുൻപിൽനിന്നു രക്ഷപ്പെട്ടത്. വ്യാഴം രാത്രി പത്തരയോടെയാണു സംഭവം. പാത്രം കഴുകാൻ അടുക്കളഭാഗത്തേക്കു പോയതായിരുന്നു.

 

മുൻപിലേക്കു ചാടിയ പുലിയെ കണ്ടതോടെ യുവതി ബഹളംവച്ച് വീട്ടിനകത്തേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. പത്തിലേറെപ്പേരാണ് പുത്തനഴി, ആശാരിക്കുന്ന്, അമ്പലപ്പടി ഭാഗങ്ങളിലായി പുലിയെ കണ്ടത്. പറയൻമാട് വനത്തോടു ചേർന്നാണ് പുലിയെ കണ്ട പ്രദേശങ്ങൾ. വനപാലകരെത്തി പരിശോധന നടത്തി. അരക്കിലോമീറ്റർ അകലെ ഇരിങ്ങാട്ടിരിയിൽ ഒരു മാസം മുൻപ് പുലിയെ കണ്ടതിനെത്തുടർന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു.