ചാരക്കേസ് മുന്‍നിര്‍ത്തി കേരള പൊലീസിനും ഐബിക്കുമെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി കുറ്റാരോപിതയായിരുന്ന മറിയം റഷീദ. അന്ന് പ്രത്യേക അന്വേഷണസംഘത്തിന്‍റെ തലവനായിരുന്ന സിബി മാത്യൂസ്, സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ്.വിജയന്‍ എന്നിവരുടെ പേര് എടുത്തു പറഞ്ഞാണ് നിയമവിദഗ്ധരുടെ സഹായത്തോടെ കേരള പൊലീസിനും ഐബിക്കുമെതിരെ പോരാടുെമന്ന് മറിയം റഷീദ പറ‍ഞ്ഞത്. പ്ലേഗ് ബാധ കാരണം നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് അറിയിച്ചപ്പോള്‍ ഇന്‍സ്‌പെക്‌ടര്‍ വിജയന്‍ പാസ്പോര്‍ട്ട് പിടിച്ചുവെച്ചു. ഇന്ത്യയെന്നോർക്കുമ്പോൾ ഇപ്പോഴും പേടിയാണ്. അതുകൊണ്ട് ഇനി ഇന്ത്യയിലേക്കില്ലെന്നും അവർ പറഞ്ഞു.  

‘നമ്പി നാരായണന്‍റെ പേരു പറയാൻ കസ്റ്റഡിയിലെടുക്കപ്പെട്ട എന്നെ അവർ നിരന്തരം പീഡിപ്പിച്ചു. എന്‍റെ സൽപേര് നഷ്ടപ്പെട്ടു. ഞാനവരെ വെറുതെ വിടില്ല’, ഇക്കാലഘട്ടമത്രയും അനുഭവിച്ചതുമായി താരതമ്യം ചെയ്യുമ്പോൾ നമ്പി നാരായണന് നഷ്ടപരിഹാരമായി ലഭിച്ചത് വളരെ ചെറിയ തുകയാണെന്നും മറിയം പറയുന്നു. ‌

എന്തുകൊണ്ടാണ് ഇത്രയും കാലം നിശബ്ദയായിരുന്നത് എന്ന ചോദ്യത്തിന് തനിക്ക് ഭയമായിരുന്നുവെന്നായിരുന്നു ഉത്തരം. തനിക്ക് കേസ് കൊടുക്കാന്‍ പറ്റുമെന്ന് അറിയില്ലായിരുന്നു. അതിനുള്ള സമയം കഴിഞ്ഞുപോയെന്നാണ് കരുതിയത്. സുപ്രീംകോടതി വിധിയോടെ കേസ് നൽകാനാകുമെന്ന് മനസിലായതായും അവർ പറഞ്ഞു. 

മാലിദ്വീപിൽ പേഗ്ല് പടര്‍ന്ന സമയത്ത് ചികിത്സക്കായാണ് മറിയം റഷീദ സുഹൃത്തും കേസിലെ മറ്റൊരു കുറ്റാരോപിതയും കൂടിയായിരുന്ന ഫൗസിയ ഹസന്‍റെ മകളോടൊപ്പം ഇന്ത്യയിൽ ചികിത്സക്കായി എത്തിയത്. 1994 ലാണ് ചാരക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കേരളത്തില്‍ അനധികൃതമായി താമസിച്ചെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്.  

ഇന്ത്യയുടെ ക്രയോജനിക് രഹസ്യങ്ങൾ പാകിസ്താന് ചോർത്തിക്കൊടുത്ത ചാരയെന്നായിരുന്നു മാലി സ്വദേശി മറിയം റഷീദക്കെതിരായ കേസ്.  ഐസ്ഐർഒ ചാരക്കേസിൽ നമ്പി നാരായണന് അനുകൂലമായ സുപ്രീംകോടതി വിധി വന്ന് രണ്ട് ദിവസങ്ങൾക്കു ശേഷമാണ് മറിയം റഷീദയുടെ പ്രതികരണം പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കേസ് നല്‍കുമെന്ന വെളിപ്പെടുത്തല്‍.