മൂന്നാറിലെ ഭൂമി കയ്യേറ്റക്കേസുകൾ കൈകാര്യം ചെയ്യുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിൽ നടന്ന അക്രമത്തില്‍ എംഎല്‍എയ്ക്കും തഹസില്‍ദാര്‍ക്കുമെതിരെ റിപ്പോര്‍ട്ട്. എസ്. രാജേന്ദ്രന്‍, ദേവികുളം തഹസില്‍ദാര്‍ എന്നിവര്‍ക്കെതിെര സബ് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കലക്ടര്‍ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും.  മലയിടിച്ചിലിൽ തകർന്ന മൂന്നാർ സര്‍ക്കാര്‍ കോളജ് താൽക്കാലികമായി പ്രവർത്തിക്കാൻ, സ്പെഷൽ ട്രൈബ്യൂണൽ കെട്ടിടം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എയും  ദേവികുളം തഹസിൽദാർ പി.കെ. ഷാജിയും   സിപിഎം പ്രവർത്തകരെക്കൂട്ടി  ഓഫിസ് ആക്രമിച്ചത്.  

 

മൂന്നാര്‍ എംഎൽഎ, തഹസീൽദാർ എന്നിവർ ട്രൈബ്യൂണലിൽ അതിക്രമിച്ചു കയറിയെന്നും, ജീവനക്കാരെ ആക്രമിച്ചെന്നും, ഓഫിസ് ഉപകരണങ്ങൾ കേടുവരുത്തിയെന്നും ആരോപിച്ച് ട്രൈബ്യൂണൽ അധികൃതർ മൂന്നാർ പൊലീസിൽ പരാതി നൽകി. എന്നാല്‍  സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നു മൂന്നാർ പൊലീസ് പറയുന്നു.

 

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു എംഎല്‍ എയും  തഹസിൽദാറും സിപിഎം പ്രവർത്തകരും ഉൾപ്പെടെ 50 പേരടങ്ങളുന്ന സംഘം മൂന്നാർ ഗവ. എൻജിനീയറിങ് റോഡിൽ പ്രവർത്തിക്കുന്ന മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിൽ എത്തിയത്.  കുറച്ചു വിദ്യാർഥികളും ഇവർക്കൊപ്പമുണ്ടായിരുന്നു.  മണ്ണിടിച്ചിലിനെ തുടർന്നു കെട്ടിടം തകർന്നതിനാൽ ഒരു മാസമായി മൂന്നാർ ഗവ. കോളജിൽ അധ്യയനം മുടങ്ങിയിരിക്കുകയാണ്.  ഈ സാഹചര്യത്തിൽ ട്രൈബ്യൂണൽ കെട്ടിടം കോളജിന് വേണ്ടി  താൽക്കാലികമായി വിട്ടു നൽകണണെന്നാവശ്യപ്പെട്ടാണു എംഎൽഎയും സംഘവും ആക്രമണം നടത്തിയത്.  

സ്ഥലത്തുണ്ടായിരുന്ന ട്രൈബ്യൂണൽ അംഗത്തോട്  ആവശ്യമുന്നയിച്ചെങ്കിലും,  ആഭ്യന്തര വകുപ്പിൽ നിന്നുള്ള നിർദ്ദേശം ഇല്ലാതെ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്നായിരുന്നു മറുപടി.

 

തുടർന്ന്, പരിശോധനയ്ക്കെന്ന പേരിൽ എംഎൽഎയും സംഘവും കെട്ടിടത്തിന്റെ ഒന്നാം നിലയിലെത്തി.  ഇതിൽ കോടതി ഹാളിന്റെയും മറ്റൊരു മുറിയുടെയും വാതിൽപ്പൂട്ടുകൾ പൊളിച്ച് ഉള്ളിൽ കയറിയ സംഘം ഇവിടെയുണ്ടായിരുന്ന ഫർണിച്ചറുകൾ വരാന്തയിലും ടെറസിലും ഇട്ടു.  ഇതിനിടെ ചില സിപിഎം പ്രവർത്തകർ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞു.  അക്രമ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരൻ സുമി ജോർജിൽ നിന്നും സിപിഎം പ്രവർത്തകർ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഈ ശ്രമത്തിനിടെ സുമിക്ക് മുഖത്തും കൈവിരലിനും പരുക്കേറ്റു. കോടതി ഹാളിലുണ്ടായിരുന്ന കസേരകൾ, ട്രൈബ്യൂണൽ പരിസരത്ത് നിരത്തിയിട്ട ശേഷം വിദ്യാർത്ഥികളോട് ഇരിക്കാനും, ഒപ്പമുണ്ടായിരുന്ന അധ്യാപകരോടു ക്ലാസെടുക്കാനും എംഎൽഎ ആവശ്യപ്പെടുകയായിരുന്നു.

 

അതേസമയം, വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ഇടപെടുക മാത്രമാണുണ്ടായതെന്നും അക്രമം നടത്തിയെന്ന പ്രചരണം ശരിയല്ലെന്നും എസ്. രാജേന്ദ്രൻ എംഎൽഎ പറഞ്ഞു. ജൂലൈ 30 ന് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം മൂന്നാർ സ്പെഷ്യൽ ട്രൈബ്യൂണലിന്റെ പ്രവർത്തനം നിർത്തലാക്കി  ഉത്തരവായിരുന്നു  എന്നാൽ, ഇവിടെ നിലവിലുള്ള കേസുകളുടെ ഫയലുകൾ മറ്റു കോടതികളിലേക്ക് കൈമാറാനുള്ള നടപടികളാണു ഇപ്പോൾ നടക്കുന്നത്. ട്രൈബ്യൂണലിന്റെ തുടർ പ്രവർത്തനം സംബന്ധിച്ച് ആഭ്യന്തര വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഈ മാസം 25 ന്  പരിശോധന നടത്തും.