ചാലക്കുടിയില്‍ ചുഴലിക്കാറ്റ് നാശം വിതച്ചത് മൂന്നുകിലോമീറ്റര്‍ പ്രദേശത്ത്. അഞ്ഞൂറിടങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. അന്‍പത് വൈദ്യുതപോസ്റ്റുകളും തകര്‍ന്നു. വന്‍തോതില്‍ കൃഷിനാശവും ഉണ്ടായി.

ഇന്നലെ ചാലക്കുടിയില്‍ മാത്രം വീശിയടിച്ച ചുഴലിക്കാറ്റിന്റെ തീവ്രത ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി, കാറ്റ് താണ്ഡവമാടിയ പ്രദേശങ്ങള്‍ കാണാം.

ചാലക്കുടി പുഴയോരത്തുള്ള ശ്രീധരമംഗലം ക്ഷേത്ര ഭാഗത്ത് നിന്ന് തുടങ്ങി പടിഞ്ഞാറെ ചാലക്കുടി, കോട്ടാറ്റ് വരെ മൂന്നു കിലോമീറ്റര്‍ ചുഴലിക്കാറ്റ് വീശി. അഞ്ഞൂറോളം മരങ്ങള്‍ കടപുഴകി. വൈദ്യുത പോസ്റ്റുകളും കന്പികളും വ്യാപകമായി പൊട്ടിവീണു. ചുഴലിക്കാറ്റ് വീശും മുന്പേ കനത്ത മഴ പെയ്തിരുന്നു. 

ശക്തമായ മഴ കണ്ടതോടെ ആളുകള്‍ റോഡുകളില്‍ കുറവായിരുന്നു. ഇരുപതു കെട്ടിടങ്ങളുടെ മീതെ നിന്ന് ഷീറ്റുകള്‍ പറന്നു വീണു. കാറ്റിന്റെ ശക്തി ഏകദേശം ഇരുപതു മിനിറ്റു വരെ നീണ്ടു നിന്നിരുന്നു.

നിലച്ച വൈദ്യുതി വിതരണം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കെ.എസ്.ഇ.ബി ജീവനക്കാരെ മറ്റിടങ്ങളില്‍ നിന്ന് വിളിപ്പിച്ചാണ് വൈദ്യുതി  പുനസ്ഥാപിക്കല്‍ ജോലി തുടരുന്നത്. ജാതി മരങ്ങള്‍ ഉള്‍പ്പെടെ കാര്‍ഷിക വിളകളും ഫലവൃക്ഷങ്ങളും നശിച്ചു.