കോഴിക്കോട് മിഠായിത്തെരുവില്‍ കലാകാരന്‍മാര്‍ക്ക് പരിപാടി അവതരിപ്പിക്കാനുള്ള വിലക്ക് നീക്കി. തെരുവ് ഗായകനെയും കുടുംബത്തെയും മിഠായിത്തെരുവില്‍ നിന്ന് ഇറക്കിവട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കോര്‍പ്പറേഷന്‍ തീരുമാനം.

പ്രതിഷേധ പാട്ടുകള്‍ ഫലം കണ്ടു. ബാബുരാജ് പാടിനടന്ന തെരുവില്‍ കലാകാരന്‍മാര്‍ക്കുള്ള വിലക്ക് നീക്കി. വാരാന്ത്യങ്ങളില്‍ തെരുവിന്റെ കഥാകാരന്റെ  പ്രതിമക്ക് മുന്നിലിരുന്ന് പാടുകയോ ആടുകയോ ആവാമെന്നാണ് കോര്‍പ്പറേഷന്റെ പുതിയ തീരുമാനം. ഗുജ്റാത്തില്‍ നിന്നെത്തി കോഴിക്കോടിന്റെ തെരുവുകളില്‍  പാടിനടന്നു ഉപജീവനം നടത്തുന്ന ബാബുഭായിയെ മിഠായിത്തെരുവില്‍ നിന്നും പൊലീസ്  ഇറക്കിവിട്ടിരുന്നു.  സമരങ്ങള്‍ക്കെന്ന പോലെ കലാപരിപാടികള്‍ക്കും നവീകരിച്ച മിഠായിത്തെരുവില്‍  വിലക്കുണ്ടെന്ന   വിവരം പുറത്തുവന്നത് ഇതോടെയാണ്. പിന്നെ പ്രതിഷേധമയി. പ്രതിഷേധ പാട്ടായി. സ്ഥലം എം.എല്‍.എ അടക്കമുള്ളവര്‍  കോര്‍പ്പറേഷനെതിരെ രംഗത്തെത്തി. ഇതിനെ തുടര്‍ന്നാണ് തീരുമാനം മാറ്റാന്‍ കോര്‍പ്പറേഷന്‍ തയാറായത്.

വെള്ളി ശനി,ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍  പരിപാടികള്‍ അവതരിപ്പിക്കാനാണ് അനുവാദം നല്‍കിയത്. മിഠായിത്തെരുവിലൂടെ വാഹനഗതാഗതം അനുവദിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയാന്‍ നടപടി തുടങ്ങിയതിനൊപ്പമാണ്  കലാകാരന്‍മാര്‍ക്കുള്ള വിലക്ക് നീക്കാനും കോര്‍പ്പറേഷന്‍ തീരുമാനമെടുത്തത്