എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് രണ്ടുമാസം. പെന്‍ഷന്‍ നല്‍കാന്‍ ആവശ്യമായ പണം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറാകാത്തതാണ് വിതരണം തടസപ്പെടാന്‍ കാരണം. ഇരകളുടെ പുനരധിവാസത്തിനുള്ള സെല്ലിലടക്കം പരാതി പറഞ്ഞെങ്കിലും  പ്രശ്നപരിഹാരമായില്ല. 

സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പ്രതിമാസം 2200രൂപ പെന്‍ഷന്‍ ലഭിച്ചിരുന്നു. വികലാംഗപെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പെന്‍ഷന്‍ 1700 രൂപയാണ്. കഴിഞ്ഞ ഓഗസ്റ്റ് വരെ എല്ലാ മാസവും പത്താം തിയ്യതിയോടെ തുക അക്കൗണ്ടില്‍ എത്തി. എന്നാല്‍ സെപ്റ്റംബര്‍ മാസവും, ഈ മാസം ഇതുവരേയും ദുരിതബാധിതര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ടില്ല. പരാതിയുമായി വിവിധ കേന്ദ്രങ്ങളെ സമിപിച്ചെങ്കിലും സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാത്തതു കൊണ്ടാണ് വിതരണം മുടങ്ങിയതെന്ന് മറുപടി.

കടങ്ങള്‍ക്കുള്ള മൊറട്ടോറിയം ഈമാസം 25ന് അവസാനിക്കുന്നതും ദുരിതബാധിത കുടുംബങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. ഇരകളുടെ കടങ്ങള്‍ എഴുതിതള്ളുന്നതിന് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരു നടപടിയുമില്ല.

ചികിത്സ ചെലവുള്‍പ്പെടെയുള്ള സാമ്പത്തിക ബാധ്യതകള്‍ക്കിടയില്‍ ഒരു ആശ്വാസമാണ് തുച്ഛമെങ്കിലും സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷന്‍. ഇതു മുടങ്ങിയല്‍ പല ദുരിതബാധിത കുടുംബങ്ങളിലും അടുപ്പെരിയില്ല എന്നതാണ് വാസ്തവം.