പശുവും അനസ്തേഷ്യയും തമ്മിലെന്ത് ബന്ധം. എന്തായാലും പാല്‍ കറക്കുന്ന ലാഘവത്തോടെയാണ് പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിലെ ഡോക്ടര്‍മാര്‍ അത് പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയക്കായി മനുഷ്യന്മാര്‍ക്കും ചെറിയ ഓമനമൃഗങ്ങള്‍ക്കും മാത്രമാണ് ഗ്യാസ് അനസ്തേഷ്യ നല്‍കാറുള്ളത്.

വലിയ മൃഗങ്ങളില്‍ ഇതില്‍ പരീക്ഷിക്കാറില്ല. എന്നാല്‍ പശുവിന് അനസ്തേഷ്യ നല്‍കി സര്‍ജന്‍മാര്‍ ശസ്ത്രക്രിയ നടത്തി. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പശുവിനു ശസ്ത്രക്രിയ നടത്തുന്നത്. അകിടിനുള്ളില്‍ ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്നാണ് പുല്‍പള്ളിയില്‍നിന്നെത്തിച്ച പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കാന്‍ തീരുമാനിച്ചത്. സാധാരണഗതിയില്‍ ശസ്ത്രകിയ വേണ്ട ഭാഗം കുത്തിവെപ്പ് നല്‍കി തരിപ്പിക്കുകയാണ് നല്‍കാറ്. എന്നാല്‍ ഡോക്ടര്‍മാര്‍ ഒന്ന് മാറിചിന്തിക്കുയായിരുന്നു.

 

കുത്തിവയ്പിനു പകരം, ട്യൂബ് ഉപയോഗിച്ച് മൂക്കിനുള്ളിലൂടെ കടത്തിവിട്ടാണ് ഗ്യാസ് അനസ്തേഷ്യ ചെയ്തത്. കൂടുതല്‍ സുരക്ഷിതമാണെന്നതും മരുന്നുകളുടെ ഉപയോഗം കുറവാണെന്നതും വേഗത്തില്‍ ഫലം കിട്ടുമെന്നതുമാണു ഗ്യാസ് അനസ്തേഷ്യയുടെ പ്രത്യേകതയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ നടത്തുന്ന ശസ്ത്രക്രിയയ്ക്ക് അധികം സമയവുമെടുക്കില്ല. 

ഓമനമൃഗങ്ങൾക്കായുള്ള ഗ്യാസ് അനസ്തേഷ്യ യന്ത്രത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ്  ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയത്. പശു ഇപ്പോള്‍ സുഖമായിരിക്കുകയാണ്.