വരൾച്ചയെ മുളകൾ വെച്ചുപിടിപ്പിച്ചു തടയുകയാണ് വയനാട് പുൽപ്പള്ളിയിലെ ഒരു കർഷകൻ. പുൽപ്പള്ളി മുള്ളംകൊല്ലിയിലെ തട്ടാം പറമ്പിൽ ജോർജാണ് ഒരു  മാതൃക മുന്നോട്ടുവെക്കുന്നത്. കൃഷിയിടത്തിന്  തണൽ ലഭിക്കുന്നതിനൊപ്പം മണ്ണൊലിപ്പും ഫലപ്രദമായി മുളങ്കാടുകൾ തടയുന്നു. 

 

ജില്ലയിൽ വേനൽ ഏറ്റവും അധികം ബാധിക്കുന്ന പ്രദേശമാണ് പുൽപ്പള്ളി. വരൾച്ചാകാലയളവിൽ  കാർഷിക വിളകൾ കരിഞ്ഞുണങ്ങും.  ജലക്ഷാമവും രൂക്ഷമാകും. കരമൻ തോടിന്റെ കരയിലാണ് ജോർജിന്റെ കൃഷിയിടം. വർഷങ്ങൾക്ക് മുമ്പാണ് ഈ കർഷകൻ ഒരു പരീക്ഷണം എന്ന നിലയിൽ നാൽപത് മുളകൾ വെച്ച് പിടിപ്പിച്ചത്. പതുക്കെ അത് പടർന്നു പന്തലിച്ചു. ഇപ്പോൾ കൃഷിയിടത്തെ സംരക്ഷിക്കുന്ന ജൈവ വേലിയാണ് മുളങ്കാടുകൾ.

 

കൃഷിയിടങ്ങളിലേക്കെത്തുന്ന കനത്ത വെയിലിനെ പ്രതിരോധിക്കാൻ ഇതിന് കഴിയുന്നു. പ്രളയകാലത്തു കരമൻ തോട് കരകവിഞ്ഞപ്പോൾ കൃഷിയിടം ഒലിച്ചുപോകാതെ കരുതിവെച്ചത് ഇതിന്റെ വേരുകളാണ്. ഇവിടുത്തെ കാലാവസ്ഥയിൽ മുള തഴച്ചു വളരുന്നുണ്ട്. മറ്റ് കാർഷികാവശ്യങ്ങൾക്കും മുളയെ ഉപയോഗപ്പെടുത്തുന്നുണ്ട്.