ചലച്ചിത്ര സംവിധായകന്‍ ബി.അജയന്‍ അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെനാളായി ചികില്‍സയിലായിരുന്നു. നാടകാചാര്യന്‍ തോപ്പില്‍ ഭാസിയുടെ മകനായ അജയന്‍ പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രത്തിലൂടെയാണ് ചലച്ചിത്രകാരന്മാരുടെ നിരയില്‍ ചിരപ്രതിഷ്ഠ നേടിയത്. 

 

എക്കാലത്തും പ്രസക്തമായ കഥ, പിടിച്ചിരുത്തുന്ന ആഖ്യാനം. മനസ്സില്‍നിന്ന് മായാത്ത കാഴ്ചകള്‍. എം.ടി.യുടെ തിരക്കഥയില്‍ അജയന്‍സംവിധാനം ചെയ്ത പെരുന്തച്ചന്‍ മലയാളത്തിലെ എക്കാലത്തെയും ക്്ളാസിക്കുകളിലൊന്നാണ്. 

 

എന്നാല്‍ പെരുന്തച്ചന് ശേഷം മറ്റൊരു സിനിമ അജയന്‍ സംവിധാനം ചെയ്തില്ല. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരമടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചെങ്കിലും അജയനെന്ന കലാകാരന് വേണ്ട അംഗീകാരം ലഭിച്ചോ എന്ന് സംശയം. കലയുടെ കുടുംബത്തില്‍ജനിച്ച അജയന് സിനിമവഴങ്ങിയത് സ്വാഭാവികം. നാടക സിനിമ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തോപ്പില്‍ഭാസിയുടെയും അമ്മിണി അമ്മയുടെയും മൂത്തമകന്‍. അഡയാര്‍ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് നിന്ന് ഫിലിം ടെക്നോളജിയില് ഡിപ്ലോമ പാസായ ശേഷം ക്യാമറ അസിസ്റ്റന്റായിട്ടാണ് സിനിമ മേഖലയിലേക്ക് കടന്നു വന്നത്. പിന്നീട് തോപ്പില് ഭാസി, പത്മരാജന്, ഭരതന് എന്നിവരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്ത്തിച്ചു. അഛന്റെ ഒളിവിലെ ഒാര്‍മ്മകള്‍ സിനിമയാക്കണമെന്ന മോഹം ബാക്കിയാക്കിയാണ്, ഒറ്റസിനിമകൊണ്ട് അമരത്വം നേടിയ സംവിധായകന്റെ മടക്കം.