ചെമ്മീനും ഞണ്ടും തേടി കടലിൽ പോയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു ലഭിച്ചതു പിരിയൻ ശംഖ്. ശംഖുകൾ കുടങ്ങി വലകൾ കീറി. ഇരവിപുരം ഭാഗത്തു നിന്നു മത്സ്യബന്ധനത്തിന് ഫൈബർ കട്ടമരത്തിൽ പോയവർക്കാണു ശംഖുകൾ ലഭിച്ചത്. നിരാശരായി മടങ്ങിയ മത്സ്യത്തൊഴിലാളികൾക്കു വലകൾ കൂടി നഷ്ടപ്പെട്ടതോടെ സങ്കടമായി. 

 

കടലിലെ മാലിന്യങ്ങൾ കൂടി കുടുങ്ങിയതോടെ വലകൾ ഉപേക്ഷിക്കേണ്ടി വന്നു. സാധാരണ പിരിയൻ ശംഖുകൾ കന്യാകുമാരി തീരത്തിനടുത്താണു കണ്ടു വരുന്നത്. ഇവ അലങ്കാര വസ്തുക്കളുടെ നിർമാണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവിടെ ആവശ്യക്കാരില്ലാത്തതിനാൽ ശംഖുകൾ കടലിൽ ഉപേക്ഷിച്ചു.