ഹാദിയയുടെ പിതാവ് കെ.എം.അശോകൻ ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്ന കാര്യം അശോകൻ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് നിലപാട് സ്വീകരിച്ചാണ് അദ്ദേഹം അംഗത്വം എടുത്തത്. തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടന്ന് പട്ടാളത്തിൽ നിന്നും വിരമിച്ച അശോകൻ പറഞ്ഞു. ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. എന്നാൽ ചൈനയ്ക്കൊപ്പം നിൽകുന്ന കമ്യൂണിസ്റ്റ് നിലപാടുകളോട് താൽപര്യമില്ലെന്നും അശോകൻ വൃക്തമാക്കി.
ശബരിമലയില്‍ വിശ്വാസമില്ലാത്തവന്‍ അവിടേക്ക് പോകണ്ട ആവശ്യമില്ല. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. വിശ്വാസികളെ നിര്‍ബന്ധിച്ച് അവിശ്വാസിയാക്കാന്‍ ശ്രമിക്കുന്ന രീതി ശരിയല്ലന്നും അശോകൻ പറയുന്നു. ഹാദിയ എല്ലാ ദിവസവും വിളിക്കാറുണ്ട്. ബിജെപിയിൽ ചേർന്ന കാര്യം മകളോട് ചർച്ച ചെയ്തിട്ടില്ലെന്നും കെ എം അശോകൻ പറയുന്നു.