kozhikode-private-bus

കോഴിക്കോട്ടെ 13 ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളുടെ ചികില്‍സയ്ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി. . കോഴിക്കോട്– കുറ്റ്യാടി, കോഴിക്കോട് കൂരാച്ചുണ്ട് റൂട്ടുകളിലെ  ബസുകളാണ്  സഹജീവി സ്നേഹത്തിന്റെ മാതൃക തീര്‍ക്കുന്നത്

ലജന്റിന്റെ ഇന്നത്തെ  ഓട്ടം  മനുഷ്യത്വത്തിന്റെ റൂട്ടിലാണ്. കോഴിക്കോട് കൂരാച്ചുണ്ട് റൂട്ടിലെ പലബസുകളിലായി ജോലി ചെയ്തിരുന്ന   ശങ്കറിന് വേണ്ടിയാണ് യാത്ര. കാന്‍സര്‍ രോഗബാധിതനായി കിടപ്പിലായ സഹപ്രവര്‍ത്തകന് ചികില്‍സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടാണ് ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്

കോഴിക്കോട് – കുറ്റ്യാടി റൂട്ടിലെ 12 ബസുകള്‍ക്കിന്ന് കാരുണ്യത്തിന്റെ മുഖമാണ്. പാലേരി മണ്ടയില്‍ സുമേഷെന്ന ഇരുപത്തിയെട്ടുകാരന്റെ ജീവന്‍ രക്ഷിക്കാനാണ് ഇവരെല്ലാവരും ഇന്ന് ഒത്തൊരുമിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  സുമേഷ്, തലച്ചോറിലുണ്ടായ അണുബാധയെ തുടര്‍ന്ന് വൈക്കത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. 

ബസുകാരുടെ നല്ലമനസിനെ യാത്രക്കാരും കണ്ടറിഞ്ഞു സഹായിക്കുന്നുണ്ട്.പലരും ടിക്കറ്റ് നിരക്കിനേക്കാള്‍ വലിയ തുകയാണ് കണ്ടക്ടര്‍മാരെ ഏല്‍പ്പിക്കുന്നത്. കാരുണ്യയാത്ര കണ്ട് നാളെ കൂടുതല്‍ ബസുകള്‍ സഹോദരങ്ങളെ ജീവന്‍ രക്ഷിക്കാന്‍ രംഗത്തുവരുമെന്ന പ്രതീക്ഷയിലാണ് ഈ ബസുകളിലെ ജീവനക്കാര്‍.