കവിത മോഷണ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് അധ്യാപകി ദീപ നിശാന്ത് തൃശൂര്‍ കേരളവര്‍മ കോളജ് പ്രിന്‍സിപ്പലിന് വിശദീകരണം നല്‍കി. കോളജിന്റെ യശസ്സിനെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ആവര്‍ത്തിക്കില്ലെന്ന് ദീപ ഉറപ്പുനല്‍കി. കോളജ് യൂണിയന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനം ദീപ നിശാന്ത് രാജിവച്ചു.

 

കവിത മോഷ്ടിച്ച് അധ്യാപക സംഘടനയുടെ മാഗസിനില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് ദീപ നിശാന്തിനെതിരായ ആരോപണം. യുവകവി എസ്.കലേഷിന്റെ കവിതയാണ് സ്വന്തം പേരില്‍ ദീപ പ്രസിദ്ധീകരിച്ച്. കവിത മോഷണ വിവാദം കേരളവര്‍മ കോളജിന്റെ യശസിന് മങ്ങലേറ്റതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോളജ് പ്രിന്‍സിപ്പല്‍ വിശദീകരണം തേടിയത്. 

 

ഖേദം പ്രകടിപ്പിച്ചായിരുന്നു ദീപയുടെ മറുപടി. ജാഗ്രത കുറവുണ്ടായെന്നും മറുപടിയില്‍ പറയുന്നു. കോളജിന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനത്തു നിന്ന് ദീപയെ മാറ്റണമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. തല്‍സ്ഥാനം രാജിവച്ചുക്കൊണ്ടുള്ള കത്തും ദീപ നിശാന്ത് കോളജ് പ്രിന്‍സിപ്പലിന് കൈമാറി. 

 

കവിത മോഷണ വിവാദത്തില്‍ ഏറെ വിമര്‍ശനങ്ങളും പഴിയും കേട്ടതോടെ പറ്റിച്ചത് ശ്രീചിത്രനാണെന്ന് ദീപ വെളിപ്പെടുത്തിയിരുന്നു. വിവാദം കത്തിനില്‍ക്കുന്നതിനിടെ ആലപ്പുഴയില്‍ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തില്‍ ജഡ്ജായി പങ്കെടുപ്പിച്ചതും പ്രക്ഷോഭത്തിനിടയാക്കി. ജഡ്ജ് സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.