ഇടഞ്ഞ ആന 14 വയസ്സുകാരനെ പുറത്തിരുത്തി രണ്ടു മണിക്കൂർ പരിഭ്രാന്തി പരത്തി. വഴിയോരത്തു വിൽപനയ്ക്കു വച്ചിരുന്ന സാധനങ്ങൾ നശിപ്പിച്ചും വാഹനം തള്ളിയിട്ടും പരാക്രമം കാട്ടിയ ആനയെ ഏറെ നേരത്തെ ശ്രമഫലമായാണു തളച്ചത്. പാറ ശിവക്ഷേത്രത്തിലെ അയ്യപ്പൻവിളക്ക് ഉത്സവത്തിനെത്തിയ മൂന്ന് ആനകളിൽ തടത്താവളം ശിവൻകുട്ടിയാണ് പാലക്കാട് – പൊള്ളാച്ചി പ്രധാന പാതയിൽ വൈകിട്ട് അഞ്ചരയോടെ ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന അരുൺ, ആകാശ് എന്നിവർ ചാടി രക്ഷപ്പെട്ടെങ്കിലും എലപ്പുള്ളി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ഉണ്ണിക്കൃഷ്ണന് ഇറങ്ങാൻ കഴിഞ്ഞില്ല.

കടകളിലേക്കു പാഞ്ഞുകയറിയ ആന പിക്കപ്പ് വാൻ തള്ളിമറിച്ചിട്ടു. വഴിയോരക്കച്ചവടക്കാരുടെ പൊരിച്ചാക്ക് ഉൾപ്പെടെ വലിച്ചെറിഞ്ഞു. പട്ടണത്തിൽ പല തവണ കറങ്ങിയ ആന ഊടുവഴിയിലൂടെ ചെന്നു ചൊരക്കുളത്തിനു സമീപം നിലയുറപ്പിച്ചു. ആന വൈദ്യുതക്കമ്പികൾ പൊട്ടിച്ചിടുമെന്ന ഭയത്താൽ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇതോടെ നാടാകെ ഇരുട്ടിലായി.

പൊലീസും നാട്ടുകാരും പാപ്പാൻമാരുമെല്ലാം ശ്രമിച്ചെങ്കിലും തളയ്ക്കാൻ കഴിഞ്ഞില്ല. പിന്നീടു സ്ഥലത്തെത്തിയ പാപ്പാന്മാരുടെ പ്രത്യേക സംഘമാണ് എഴരയോടെ ആനയെ തളച്ചത്. ഇന്നലെ രാവിലെ മുതൽ പാപ്പാൻ മർദിച്ചതാണു പ്രകോപനമെന്നു നാട്ടുകാർ പരാതിപ്പെട്ടു. ആനയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിനും പ്രായപൂർത്തിയാകാത്തയാളെ ആനപ്പുറത്തു കയറ്റിയതിനും കേസെടുക്കുമെന്നു കസബ പൊലീസ് അറിയിച്ചു.