neenu-kevin-bday-new

‘ഇന്ന് എന്റെ കെവിൻ േചട്ടായിയുടെ ഇരുപത്തിനാലാം പിറന്നാളാണ്. കഴിഞ്ഞ പിറന്നാളിന് എന്നോട് പറഞ്ഞതാണ് അടുത്ത പിറന്നാൾ നമ്മളൊരുമിച്ച് ആഘോഷിക്കുമെന്ന്. എന്റെ അടുത്ത് ഇപ്പോഴുമുണ്ട്. പക്ഷേ..’ പറഞ്ഞു തുടങ്ങിയ ഉൗർജത്തിൽ നിന്ന് ഇടയ്ക്ക് നീനു അവന്റെ ഒാർമകളിൽ ഒന്നിടറി. അവന്റെ പിറന്നാൾ പകൽ അവസാനിക്കുമ്പോൾ വേദനിപ്പിക്കുന്ന ഒാർമകൾ മാറ്റി നിർത്തി അവൻ സമ്മാനിച്ച മധുരമായ നിമിഷങ്ങളെ പറ്റി നീനു മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

കഴിഞ്ഞ പിറന്നാളിന് ചേട്ടൻ ഗൾഫിലായിരുന്നു. ഒരു ഷർട്ടും വലിയൊരു ബെർത്ത് ഡേ കാർഡും വാങ്ങി ഞാൻ കെവിൻ ചേട്ടന്റെ അടുത്തേക്ക് പോകുന്ന നാട്ടിലെ ഒരാളുടെ കയ്യിൽ കൊടുത്തുവിട്ടു. രാത്രി തന്നെ ഗൾഫിൽ ഉള്ള ചേട്ടന്റെ സുഹൃത്തുക്കളോട് വിളിച്ചു പറഞ്ഞു. ഇന്ന് പിറന്നാളാണ് കേക്ക് മുറിക്കണം, കെവിൻ ചേട്ടനുമായി ആഘോഷിക്കണം എന്നൊക്കെ. ബെർത്ത് ഡേ വിഷ് ചെയ്യാൻ വിളിച്ച എന്നോട് അന്ന് വാക്കു തന്നതാണ്. അടുത്ത പിറന്നാൾ നമ്മൾ ഒരുമിച്ചായിരിക്കുമെന്ന്.

അന്നുതന്നെ ഞങ്ങൾ ഇന്നത്തെ ഇൗ ദിനത്തിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് സംഭവിച്ചു. (ശബ്ദത്തിൽ ചെറിയ ഇടർച്ച). നാട്ടിൽ കെവിൻ ചേട്ടന്റെ ഫ്ലെക്സ് കാണുമ്പോൾ എനിക്ക് ആ ഷർട്ട് ഒാർമവരും. അന്ന് ഞാൻ പിറന്നാളിന് വാങ്ങി അയച്ച ഷർട്ട് ധരിച്ച് എടുത്ത ഫോട്ടോയാണ് ആ ഫ്ലെക്സ് ബോർഡുകളിൽ. 

kevin-letter-gif

ഇന്ന് സെമിത്തേരിയിൽ പോയി ചേട്ടനോട് കുറേ സംസാരിച്ചു. പൂക്കൾ അർപ്പിച്ചു. ആ കല്ലറയോട് മുഖം ചേർത്ത് വച്ച് കരഞ്ഞു. ഒറ്റയ്ക്കാണ് എന്ന തോന്നൽ എനിക്ക് ഇപ്പോഴില്ല. കെവിൻ എന്റെ കൂടെതന്നെയുണ്ട്. പോരാത്തതിന് വീണുപോകാതെ എന്നെ കാക്കുന്ന കുറേ നല്ല സുഹൃത്തുക്കളും. അവർ തരുന്ന കരുത്തിലാണ് ഇന്ന് ഇൗ സംസാരിക്കുന്ന ഞാൻ ഉണ്ടായത്.

ഞാന്‍ തോറ്റുപോയാല്‍ കെവിന്‍ചേട്ടന്റെ ആത്മാവ് വേദനിക്കും. എനിക്ക് ജീവിച്ചുകാണിക്കണം, എന്റെ വാവച്ചനു വേണ്ടി. സെമിത്തേരിയിൽ ആ സ്ലാബിനു കീഴിൽ എന്നെ പ്രാണനെപ്പോലെ സ്‌നേഹിച്ച ഒരാളുണ്ടെന്ന തോന്നലാണ് ഇന്ന് എന്റെ സമാധാനം.

neenu-kevin-story

സെമിത്തേരിയിൽ നിന്നിറങ്ങി ഇന്ന് ഒാർഫനേജിൽ പോയി. അവിടുത്തെ കുട്ടികൾക്ക് മിഠായിയൊക്കെ വാങ്ങി നൽകിയാണ് ഞാൻ വീട്ടിലെത്തിയത്. ഇവിടെ അച്ഛനും അമ്മയും േചച്ചിയും ഉണ്ട്. ചേച്ചിയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ ജോലി കിട്ടി. എനിക്ക് ഇനി വലിയ സ്വപ്നങ്ങളൊന്നുമില്ല. പഠിക്കണം ജോലി വാങ്ങണം വീട് നോക്കണം..മാസങ്ങൾക്ക് മുൻപ് കേരളത്തിന് മുന്നിൽ വാവിട്ട് കരഞ്ഞ പെൺകുട്ടിയല്ല ഇന്ന് നീനു. വിധി കൂടുതൽ കരുത്ത് പകർന്ന ഉറച്ച ശബ്ദത്തിൽ ഇൗ പകലിനെ പറ്റിയും നീനു പറഞ്ഞവസാനിപ്പിച്ചു.