വാവർ പള്ളിയില്‍ സ്ത്രീകളടക്കം ആര്‍ക്കും പ്രവേശിക്കാൻ വിലക്കില്ലെന്ന് മഹല്ല് പ്രസി. അഡ്വ.പി എച്ച് ഷാജഹാൻ. ഇതു സംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കി. ഇതോടെ ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നടക്കുന്ന പ്രചരണങ്ങളില്‍ കൂടുതൽ വ്യക്തത വന്നു.
യുവതീപ്രവേശത്തിന് അനുകൂലമായിട്ടുള്ള സുപ്രീംകോടതി വിധിയ്ക്ക് മുന്‍പോ ശേഷമോ വാവര്‍ പള്ളിയില്‍ ഒരു തരത്തിലുള്ള നിയന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. ഈ വിധിക്കും വളരെ കാലം മുന്‍പേ തന്നെ വാവർ പള്ളിയില്‍ സ്ത്രീകള്‍ എത്താറുണ്ടായിരുന്നു. പള്ളിയ്ക്കുള്ളില്‍ കയറി വലം വച്ച ശേഷമാണ് തീര്‍ത്ഥാടകര്‍ പമ്പയിലേക്ക് പോയിരുന്നത്. വാവര്‍ പള്ളിയിലെത്തുന്ന എല്ലാ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസത്തിനനുസരിച്ചുള്ള ആചാരനുഷ്ഠാനങ്ങൾ തുടരാമെന്നും പള്ളി അധികൃതർ അറിയിച്ചു.
കോട്ടയം ജില്ലയിലെ എരുമേലിയിലാണ് മുസ്ലീം ആരാധനാലയമായ വാവർ പള്ളി സ്ഥിതി ചെയ്യുന്നത്. നൈനാർ പള്ളി എന്നും ഇതറിയപ്പെടുന്നു. മത സാഹോദര്യത്തിന്റെ പ്രതീകമായി ഇവിടെ ക്ഷേത്ര ദർശനം പോലെ തന്നെ പവിത്രമായാണ് വിശ്വാസികൾ വാവർ പള്ളി ദർശനവും കണക്കാക്കുന്നത്. ജാതി മതഭേദമന്യേ ഇവിടുത്തെ ആഘോഷങ്ങൾക്ക് ജനങ്ങൾ ഒത്തുകൂടാറുണ്ട്.