police

കേരള പൊലീസ് ന്യൂയോര്‍ക്ക് പൊലീസിനെ തോല്‍പിച്ചു. ഫേസ്ബുക്ക് പേജിലെ ആരാധകരുടെ എണ്ണത്തിലാണ് കേരള പൊലീസ് ലോകത്ത് ഒന്നാം സ്ഥാനക്കാരായിരിക്കുന്നത്. പത്ത് ലക്ഷം ലൈക്കുകള്‍ മറികടന്ന നേട്ടം മുഖ്യമന്ത്രിയടക്കം പങ്കെടുത്ത് പൊലീസ് ആസ്ഥാനത്ത് ആഘോഷമാക്കി. 

രാജ്യത്തെ ഒരു പൊലീസിനും കിട്ടാത്ത ലോക റെക്കോഡ് നേട്ടമാണ് കേരള പൊലീസിന്റെ പുതുവര്‍ഷസമ്മാനം. പത്ത് ലക്ഷം ലൈക്കുകള്‍ പിന്നിട്ട് ലോകത്ത് ഒന്നാം നമ്പറായതിന്റെ ഔദ്യോഗിക പുരസ്കാരം ഫേസ്ബുക്ക് പ്രതിനിധികള്‍ നേരിട്ടെത്തി സമ്മാനിച്ചപ്പോള്‍, പതിവായി പിരിമുറുക്കം നിറയുന്ന പൊലീസ് ആസ്ഥാനം ആഘോഷവേദിയായി.  

2011ല്‍ തുടങ്ങിയ കേരള പൊലീസിന്റെ പേജ് ഇപ്പോള്‍ ട്രോളര്‍മാരെ വെല്ലുന്ന വൈറല്‍ കേന്ദ്രമാണ്.  കടുംപിടുത്തവും ഭീഷണിയുമുള്ള ഭാഷക്ക് പകരം തമാശയാണ് ആയുധം.  അറിയിപ്പുകളും ഉപദേശങ്ങളുമെല്ലാം ഈ രൂപത്തിലെത്തിയതോടെയാണ് ആരാധകരേറിത്തുടങ്ങിയത്. പൊലീസ് മാമ എന്ന വിളിപ്പേരില്‍ കമന്റിട്ടാല്‍ മറുപടിയും ഉടനെത്തും. ഫെയ്സ്ബുക്ക് മാത്രം കൈകാര്യം ചെയ്യാന്്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന നാല് ഉദ്യോഗസ്ഥരാണ് ഈ നേട്ടത്തിനും തമാശക്കുമെല്ലാം പിന്നില്‍. അവരെ മുഖ്യമന്ത്രിയും അഭിനന്ദിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമാണ് പേജിന്റെ പുതിയ ശൈലിക്കും നേട്ടത്തിനും തുടക്കമിട്ടത്.