thrissur-radiation

തൃശൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ സെന്ററില്‍ കാന്‍സര്‍ രോഗികളുടെ റേഡിയേഷന്‍ മുടങ്ങിയിട്ട് രണ്ടു മാസം. പരാതി ശക്തമായതോടെ, റേഡിയേഷന്‍ ഫിസിസ്റ്റിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഒരാഴ്ചയ്ക്കകം റേഡിയേഷന്‍ പുനരാരംഭിക്കുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി.

 

തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന്‍ ചികില്‍സ ലഭിക്കണമെങ്കില്‍ റേഡിയേഷന്‍ സേഫ്റ്റി ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം. രണ്ടു തസ്തികകളാണ് ഇതിനായി ഉള്ളത്. പക്ഷേ, ഈ തസ്തികയില്‍ ആളെ നിയമിച്ചാല്‍ വരില്ല. വന്‍ശമ്പളത്തിന് സ്വകാര്യ ആശുപത്രികളില്‍ ജോലി കിട്ടുന്നതാണ് പലരും വരാന്‍ മടിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ഈയിടെ ഒരു ഉദ്യോഗസ്ഥനെ മാറ്റി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മാറ്റം പിന്‍വലിച്ചു. 

 

തിരുവനന്തപുരത്ത് നിന്ന് ഒരു ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവിറക്കി. അടുത്തയാഴ്ച ഈ ഉദ്യോഗസ്ഥന്‍ വരുന്നതോടെ കാന്‍സര്‍ രോഗികളുടെ ദുരിതം തീര്‍ന്നേക്കും.  നിലവില്‍, മെഡിക്കല്‍ കോളജിലെ ഓങ്കോളജി വിഭാഗത്തില്‍ ചികില്‍സ തേടി വരുന്നവര്‍ക്ക് റേഡിയേഷന് മറ്റ് ആശുപത്രികളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഇനിയും നിയമനം വൈകിയാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.

 

പാരാ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കേണ്ടതും റേഡിയേഷന്‍ സേഫ്റ്റി ഉദ്യോഗസ്ഥനാണ്. പി.ജി വിദ്യാര്‍ഥികളേയും പഠിപ്പിക്കണം. ഇവരുടെ ക്ലാസുകള്‍ മുടങ്ങുന്നത് ഓങ്കോളജി പഠന വിഭാഗത്തിന്റെ അംഗീകാരം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്.