വയനാട് ജില്ലയില്‍ കുരങ്ങു പനിക്കെതിരെ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. രണ്ട് പേരിലാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്..വനത്തിലേക്ക് പോകുന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഒരിടവേളയ്ക്ക് ശേഷമാണ് വയനാട്ടില്‍ കുരങ്ങുപനി മടങ്ങിയെത്തിയിരിക്കുന്നത്. രണ്ട് പേര്‍ക്കാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചത്.
തിരുനെല്ലി അരണപ്പാറയിലെ 36 വയസ്സുള്ള യുവാവ് ജില്ലാശുപത്രിയില്‍ ചികില്‍സയിലാണ്. ബാവലി സ്വദേശിക്ക് കൂടി ഇന്നലെ വൈകീട്ടോടെ രോഗം സ്ഥിരീകരിച്ചു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചകില്‍സയിലാണ്. രോഗം ബാധിച്ച് രണ്ടുപേരുടെയും വീടുകള്‍ തമ്മില്‍ പതിനഞ്ച് കിലോമീറ്ററാണ് ദൂരം. ഇരുവര്‍ക്കും ഒരിത്തുനിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് ഒരു നിഗമനം. 2015 ല്‍ പനി ബാധിച്ച് 11 പേര് ജില്ലയില്‍ മരിച്ചിരുന്നു.
ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കെ എഫ് ഡി) എന്നും രോഗം അറിയപ്പെടുന്നുണ്ട്. കുരങ്ങു പനിക്ക് കാരണമാകുന്ന വൈറസ് ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ എന്നിവയിലാണ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴിയാണ് വൈറസ് മനുഷ്യനിലെത്തുന്നത്.
വനവുമായി സമ്പര്‍ക്കം നടത്തുന്നവര്‍ക്കാണ് രോഗം വരാനുള്ള സാധ്യത കൂടുതല്‍. വനത്തിലേക്ക് പേകുന്നവര് ലേപനങ്ങള്‍ പുരട്ടണം. ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും കൈയ്യുറകളും കാലുറകളും ധരിക്കണം. കുരങ്ങുകള്‍ ചത്തുവീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.