TAGS

ലാപ്ടോപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2.6 കിലോഗ്രാം തൂക്കമുള്ള 22 സ്വർണ ബിസ്കറ്റുകൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി. കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശിയാണ് പിടിയിലായത്.കസ്റ്റംസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നതു മനസ്സിലാക്കിയ ഇയാൾ അര മണിക്കൂറിലേറെയാണ് വിമാനത്താവളത്തിനകത്തെ ശുചിമുറിയിൽ ചെലവഴിച്ചത്.

ഇയാളുടെ കൈവശം കള്ളക്കടത്തു വസ്തുക്കളുണ്ടാകുമെന്ന് സംശയിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഗ്രീൻ ചാനലിലൂടെ ഇയാൾ പുറത്തുപോകാൻ ശ്രമിക്കെ പിടികൂടി ബാഗ് പരിശോധിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽത്തന്നെ ലാപ്ടോപ്പിന് അസാധാരണ കനം അനുഭവപ്പെട്ടതോടെ ഇത് അഴിച്ചു പരിശോധിച്ചു. ലാപ്ടോപ്പിന്റെ ബാറ്ററി അഴിച്ചുമാറ്റിയാണ് രണ്ടു പാക്കറ്റിൽ സ്വർണ ബിസ്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. ഇതിന് 85 ലക്ഷം രൂപ വില വരും.ഇയാൾ സ്വർണക്കടത്തു സംഘത്തിലെ പ്രധാന കണ്ണികളിലൊന്നാണെന്നു കരുതുന്നു. സന്ദർശക വീസയിലാണ് ഇയാൾ ദുബായിലേക്കു പോയത്. പല പ്രാവശ്യം ഇയാൾ വിദേശയാത്ര നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാർ പറഞ്ഞു.