ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകാതെ നഗരസഭയും ജില്ലാഭരണകൂടവും. തീപിടിത്തം അട്ടിമറിയാണെന്ന് സംശയിക്കുന്നതായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ആവര്‍ത്തിച്ചു. തീപിടിത്തത്തെക്കുറിച്ച് മൂന്നുദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരത്തിലുണ്ടായ തീപിടിത്തം രണ്ടുദിവസത്തിനുശേഷം നിയന്ത്രണവിധേയമായെങ്കിലും തീ കൊളുത്തിവിട്ട വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണത്തെച്ചൊല്ലിയാണ് സംശയം അവശേഷിക്കുന്നത്. വേനല്‍ച്ചൂടിന്റെ ആഘാതത്തില്‍ മാലിന്യക്കൂമ്പാരത്തിനു താനേ തീപിടിച്ചുവെന്ന് വിശ്വസിക്കാന്‍ കൊച്ചി മേയര്‍ തയാറല്ല. തീപിടിത്തത്തിനു പിന്നില്‍ അട്ടിമറിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് മേയറുടെ നിലപാട്.

തീയും പുകയും പൂര്‍ണമായും കെട്ടടങ്ങിയശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാമെന്ന നിലപാടിലാണ് തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല. തീപിടിത്തത്തെക്കുറിച്ച് പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തീപിടിത്തവും പുകയും നിയന്ത്രിക്കുന്നതില്‍ നഗരസഭയുടെ അനാസ്ഥ ആരോപിച്ച് ഇടതുമുന്നണി ഇന്ന് നഗരസഭാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും.