ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിൽ മുങ്ങിയെന്നു കരുതിയ ഇറാനിയൻ കാർഗോ കപ്പലിനെ കടലിന്റെ അടിത്തട്ടിൽ നിന്നു സ്കൂബാ ഡൈവർമാർ കണ്ടെത്തി. ഫ്രൻഡ്സ് ഓഫ് മറൈൻ ലൈഫിന്റെയും സ്കൂബാ കൊച്ചിന്റെയും ഡൈവർമാരാണു പൂന്തുറ കരയിൽ നിന്നു 2.5 കിലോമീറ്റർ ഉള്ളിലായി 36 മീറ്റർ ആഴമുള്ളടിതാണു കപ്പൽ കണ്ടെത്തിയത്.
വിഴിഞ്ഞത്തു നിന്നു കാണാതായ ഈ കപ്പലിനെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ കപ്പലുടമ മുൻപ് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായിരുന്നു. എന്നാൽ, മുങ്ങിപ്പോയ കപ്പൽ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് പൂന്തുറയ്ക്ക് സമീപം കടലിന്റെ അടിത്തട്ടിൽ ഉറയ്ക്കുകയായിരുന്നു. കപ്പലിന്റെ കൊടിമരം അഞ്ചു മീറ്ററിലേറെ ഉയരത്തിലുണ്ടെന്നും കപ്പലിനുള്ളിൽ ധാരാളം വലകൾ വീണുകിടക്കുന്നതിനാൽ അകത്തേക്കു പ്രവേശിക്കാൻ സാധിച്ചില്ലെന്നും സ്കൂബാ ഡൈവർമാരായ റോബർട്ട് പനിപ്പിള്ള, അരുൺ അലോഷ്യസ്, ഒലാങ എന്നിവർ പറഞ്ഞു.