മൂവാറ്റുപുഴ കച്ചേരിത്താഴം ജംക്ഷനിൽ എംപി ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ബസ് കാത്തുനിൽപു കേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും. കച്ചേരിത്താഴം തൊടുപുഴ ബസ് സ്റ്റോപ്പിലാണ് ആധുനിക രീതിയിൽ കൂറ്റൻ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരിക്കുന്നത്. കൂറ്റൻ തൂണുകൾക്കു മുകളിൽ ടെൻസൈൽ ഫാബ്രിക് ഉപയോഗിച്ചാണ് മേൽക്കൂര തീർത്തത്. വിലകൂടിയ ടെൻസൈൽ ഫാബ്രിക് ദീർഘകാലം ഈടു നിൽക്കുന്നതാണ്. മഴവെള്ളം തൂണുകൾക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിലൂടെ ശേഖരിച്ച് ഓടയിലേക്ക് ഒഴുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നാല് ലക്ഷം രൂപയുടെ വെളിച്ച സംവിധാനങ്ങളാണ് ഇവിടെയുള്ളത്
മൂന്ന് ബസുകൾക്ക് ഒരേ സമയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും കഴിയുന്ന വിധത്തിലാണ് രൂപ കൽപന എന്നാണ് പറയുന്നത്. വവ്വാൽ ചിറകു വിടർത്തി നിൽക്കുന്ന രൂപത്തിൽ തയാറാക്കിയ ബസ് കാത്തിരിപ്പു കേന്ദ്രം നഗര വികസനത്തിന്റെ ഭാഗമായാണ് എംപി ഫണ്ടിൽ നിന്ന് 40 ലക്ഷം ചെലവഴിച്ച് നിർമിച്ചിരിക്കുന്നത്.
അതേസമയം, ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെതിരെ ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. അശാസ്ത്രീയമായ നിർമാണം മൂലം മഴയും വെയിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തുന്നവരെ ബാധിക്കുമെന്നാണ് ആക്ഷേപം. ഇക്കാര്യം വ്യക്തമാക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
40 ലക്ഷം രൂപ ചെലവിൽ നിർമിച്ചിരിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരങ്ങളും ആരംഭിച്ചിട്ടുണ്ട്.
യുഡിഎഫ് മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന കുട ചൂടി നിൽപ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മേരി പീറ്റർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എം.സലിം അധ്യക്ഷനായി. ജോയി മാളിയേക്കൽ, എ.മുഹമ്മദ് ബഷീർ, വിൻസെന്റ് ജോസഫ്, വർഗീസ് മാത്യു, കെ.എം.പരീത്, പി.പി.എൽദോസ്. സിന്ധു ബെന്നി, നൂർജഹാൻ നാസർ, സോഫിയാ ബീവി, ഷൈലാ അബ്ദുല്ല, സാറാമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.
. 40 ലക്ഷം രൂപ ചെലവഴിച്ചു എന്ന കണക്ക് വിജിലൻസ് കോടതിയിൽ ചോദ്യം ചെയ്യുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. നഗര റോഡ് വികസനത്തിന്റെ ഭാഗമായി റോഡ് വികസിപ്പിക്കുമ്പോൾ ഓട നിർമിക്കേണ്ടതുണ്ട്. നിലവിൽ ഓട നിർമിക്കേണ്ട ഭാഗത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിരിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.