മൂവാറ്റുപുഴയില്‍ വിദേശ മാതൃകയിൽ നിര്‍മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തെച്ചൊല്ലി വിവാദം. അശാസ്ത്രീയമായ നിർമാണവും അഴിമതിയും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ആരോപണമാണെന്ന് സിപിഎം പറയുന്നു.
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ജോയ്സ് ജോർജിന്റെ എംപി ഫണ്ടിൽ നിന്നും അനുവദിച്ച 40 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന ബസ് കാത്തിരിപ്പു കേന്ദ്രത്തെച്ചൊല്ലിയാണ് വിവാദം കൊഴുത്തിരിക്കുന്നത്. ഇരുമ്പു തൂണുകളിൻമേൽ തീർത്ത ഫ്രെയിമുകൾക്ക് താഴെ ഫെരാരി ഫേബ്രിക് എന്ന വിദേശ നിർമ്മിത വസ്തു ഉപയോഗിച്ചാണ് മേൽക്കൂര തീർത്തിരിക്കുന്നത്. പടുതപോലെ തോന്നിക്കുന്ന ഈ മേല്‍ക്കൂര യാത്രക്കാർക്ക് വെയിലിൽ നിന്നും മഴയിൽ നിന്നും ഒട്ടും സംരക്ഷണം ലഭിക്കില്ലെന്നാണ് ജനങ്ങളുടെ പരാതി. 40 ലക്ഷം രൂപ മുടക്കി നിര്‍മിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
ഫണ്ട് വിനിയോഗത്തിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജോയിസ് ജോർജ് എംപിക്ക് എതിരെ നടത്തുന്ന വ്യാജപ്രചാരണമാണ് ഇതെന്ന് ഇടതുമുന്നണി കുറ്റപ്പെടുത്തുന്നു. സർക്കസ് കൂടാരം എന്നും പടുതാ പന്തൽ എന്നും, വവ്വാൽ കൂടാരമെന്നുള്ള ട്രോളുകളും മുവാറ്റുപുഴ കച്ചേരിത്താഴത്തെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനെതിരെ നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.