TAGS

കോട്ടയം കടുത്തുരുത്തി ആയാംകുടിയിലെ 'മാംഗോ മെഡോസ്' ലിംഗാ ബുക്ക് ഓഫ് റെക്കോർഡ്സിൽ. ഇന്ത്യയിലെ ആദ്യ ആഗ്രിക്കൾച്ചറൽ തീം പാർക്കുകളിലൊന്നായ മാംഗോ മെഡോസ് ജൈവവൈവിധ്യത്തിന്‍റെ കലവറയാണ്. 

 

മരം വളരില്ലെന്നു വിധിയെഴുതിയ ഇൗ മണ്ണിൽ ഒരു കാടിനെ െമരുക്കിയെടുത്ത് വളർത്തിയതിനും, ഫാം ടൂറിസത്തിന് വേണ്ട ചേരുവകളിൽ ലോകത്ത് കിട്ടാവുന്നതെല്ലാം എത്തിച്ചതിനും പിന്നിൽ കല്ലറ കളപ്പുരയ്ക്കൽ എൻ.കെ. കുര്യന്റെ  15 കൊല്ലത്തെ കഠിനാധ്വാനവുമുണ്ട്.

തേയില മുതൽ ഈന്തപ്പനവരെ, ആഞ്ഞിലിക്കവിള മുതൽ കിവി ഫ്രൂട്ട് വരെ, കുന്തിരിക്കം മുതൽ രുദ്രാക്ഷം വരെ വിളവെടുപ്പിനൊരുങ്ങി നിൽക്കുന്നു. പല വലുപ്പമുള്ള വലിയ കുളങ്ങളും തോടുകളും നൽകുന്ന ജലസമൃദ്ധിയാണ് ഇൗ ജൈവവൈവിധ്യ പാർക്കിന്റെ നട്ടെല്ല്.

കാരിയും കൂരിയും വരാലും കാർപ്പും കരിമീനുമടക്കം 66 ഇനം മൽസ്യങ്ങളാണ് ഇൗ കുളങ്ങളുടെ താളം. ഫാം ചുറ്റിക്കാണുന്നതിന് ബാറ്ററി കൊണ്ടുപ്രവർത്തിക്കുന്ന റിക്ഷയും മൂന്നും നാലും പേർക്ക് സ്വയം ചവിട്ടിപോകാനുള്ള കാറുകളുമൊക്കെയുണ്ട്. 

 

ഇന്ത്യയിലെ ആദ്യ മനുഷ്യനിർമിത അഗ്രിക്കൾച്ചറൽ തീംപാർക്കെന്ന ലിംഗാ ബുക്ക് ഓഫ് റെക്കോർഡ് ബഹുമതിയും ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീംപാർക്കെന്ന യുആർഎഫ് ബഹുമതിയുമാണ് 'മാംഗോ മെഡോസിന്' ലഭിച്ചത്.

വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 4800 ഇനം വൈവിധ്യമുള്ള സസ്യവർഗങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്നതുൾപ്പെടെ 146 ഇനം ഫലവൃക്ഷങ്ങൾ, 85 ഇനം പച്ചക്കറിവിളകൾ, 101 ഇനം മാവുകൾ, 40 ഇനം വാഴകൾ, മൃഗങ്ങൾ എന്നിങ്ങനെ ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഈ 35 ഏക്കർ പാർക്ക്.