നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ ഡ്രൈവർ കാബിൻ തലകീഴായി വേർപ്പെട്ടു. നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളിലിടിച്ചു. ലോറി മതിലിലിടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
കഴിഞ്ഞ ദിവസം കുമളി–മൂന്നാർ സംസ്ഥാന പാതയിൽ കല്ലാറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഓടിക്കൊണ്ടിരിക്കുമ്പോൾ ലോറിയുടെ ഡ്രൈവർ കാബിൻ വേർപെടുകയായിരുന്നു. വേർപെട്ട കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർ വാഹനത്തിൽ നിന്നു ചാടിയിറങ്ങാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല. പിന്നാലെ നിയന്ത്രണം വിട്ട ലോറി രണ്ട് കാറുകളിൽ ഇടിച്ചു. ഇറക്കം ഇറങ്ങി നിരപ്പായ സ്ഥലത്തു എത്തിയ ലോറി സമീപത്തെ വീടിന്റെ കൽക്കെട്ടിലേക്ക് ഇടിച്ചു കയറി.
പിന്നോട്ട് തെറിച്ച ശേഷം വീണ്ടും സംസ്ഥാന പാതയോരത്ത് നിന്നു. ലോറി നിന്ന ഉടൻ തന്നെ ഡ്രൈവർ വാഹനത്തിൽ ഇറങ്ങി സമീപത്തെ കാട്ടിനുള്ളിലേക്കു കടന്നുകളഞ്ഞു. ഡ്രൈവർക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.