കെ.എസ്.ആര്‍.ടി.സിയുടെ ലോഫ്ലോര്‍ ബസുകളിലെ പരസ്യത്തിനെതിരെ നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ്. പരസ്യം മറ്റ് വാഹന യാത്രക്കാരുടെ  ശ്രദ്ധതെറ്റിക്കുന്നതാണന്നും ഹൈക്കോടതിയുടെ വിധിയുടെ ലംഘനമാണന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഗതാഗതമന്ത്രിയോട്  പരാതിപ്പെട്ടു. വരുമാനം വര്‍ധിപ്പിക്കുന്നതിന്റ ഭാഗമായാണ് ബസുകളില്‍ പരസ്യം ചെയ്യാനുള്ള കരാര്‍ കെ.എസ്.ആര്‍.ടി.സി സ്വകാര്യഏജന്‍സിക്ക് നല്‍കിയത്. 

 

 

വാഹനയാത്രക്കാരുടെ ശ്രദ്ധതെറ്റിക്കുന്ന തരത്തില്‍ താരങ്ങളുടെ ചിത്രങ്ങളോ പരസ്യങ്ങളോ ബസുകളില്‍ പതിക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതെത്തുടര്‍ന്ന് സ്വകാര്യബസുകളിലെ ചിത്രങ്ങളെല്ലാം മോട്ടോര്‍ വാഹനവകുപ്പ് കഴിഞ്ഞിടെ ഇടപെട്ട് ഒഴിവാക്കി. എന്നാല്‍ ബസ് കെ.എസ്.ആര്‍.ടി.സിയുടേതാണന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് ലോഫ്ലോര്‍ ബസുകളിലെ ഇപ്പോഴത്തെ പരസ്യങ്ങള്‍. അടുത്തിടെയിറങ്ങിയ സിനിമയുടെ യമണ്ടന്‍ പരസ്യമാണ് ഏറ്റവും പുതിയത്. 

 

ചിത്രത്തിലെ നായകന്റ വലിയ ആക്ഷന്‍ ചിത്രങ്ങളാണ് ബസിനേക്കാള്‍ വലുപ്പത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്.വാണിജ്യസ്ഥാപനങ്ങളുടെ പരസ്യം കണ്ടാല്‍ സഞ്ചരിക്കുന്ന കടകളാണ് തോന്നും. ഇതിനിടെ ഇലക്ട്രിക് ബസുകളിലും സമാനരീതിയില്‍ പരസ്യം പതിക്കാനൊരുങ്ങുകയാണ് കരാര്‍ ഏജന്‍സി. ഇതിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഗതാഗതമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ആലോചിച്ച് പരിഹാരം കാണണമെന്ന് മന്ത്രി കെ.എസ്.ആര്‍.ടി.സി എം.ഡിയോടും നിര്‍ദേശിച്ചു. ടോമിന്‍ തച്ചങ്കരി എം.ഡിയായിരിക്കെയാണ്  ബസുകളില്‍ പരസ്യം പതിക്കുന്നതിനുള്ള കരാര്‍ രണ്ടുകോടിയോളം രൂപയ്ക്ക് സ്വകാര്യ ഏജന്‍സിക്ക് കൊടുത്തത്. അതുകൊണ്ടുതന്നെ ബസിനെ പൂര്‍ണമായും വിഴുങ്ങുന്ന പരസ്യങ്ങളെ  നിയന്ത്രിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്കും പരിമിതിയുണ്ട്.