കെവിൻ വധക്കേസ് വിസ്താരത്തിനിടെ ഭാര്യ നീനു കോടതിയിൽ നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. തന്റെ പിതാവ് ചാക്കോയും സഹോദരന് ഷാനുവുമാണ് കൊലയ്ക്ക് പിന്നിലെന്നും നീനു കോടതിയില്‍ മൊഴി നല്കി. താഴ്ന്ന ജാതിക്കാരനായ കെവിനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പിതാവും ബന്ധുവും ഭീഷണിമുഴക്കിയിരുന്നതായും നീനു വിസ്താരത്തില്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും നീനു പറഞ്ഞു. മര്‍ദനമേറ്റതിന്റെയും പൊള്ളലേല്‍പിച്ചതിന്റെയും പാടുകള്‍ കോടതിയില്‍ കാട്ടി. പൊട്ടിക്കരഞ്ഞാണ് നീനു പിതാവിനും സഹോദരനും എതിരെ മൊഴി നല്‍കിയത്.
ഏറ്റുമാനൂർ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ വെച്ച് കെവിനെ തന്റെ പിതാവ് ചാക്കോ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു. കെവിനെ വിവാഹം കഴിക്കുന്നത് മൂലമുള്ള ദുരഭിമാനമാണ് കൊലക്ക് പിന്നിൽ. കെവിനുമായുള്ള വിവാഹം അഭിമാനക്ഷതമുണ്ടാക്കുമെന്ന് വീട്ടുകാർ കരുതി. രണ്ടാം പ്രതിയും ബന്ധുവുമായ നിയാസും കെവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.
കെവിൻ ഏത് ജാതിയിൽപ്പെട്ടയാളാണെന്ന് മുൻപ് അറിയില്ലായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കെവിന്റെ വീട്ടിൽ കഴിയുന്നത്. മകൻ നഷ്ടപ്പെട്ട കെവിന്റെ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നാണ് വിശ്വസിക്കുന്നത്. തെന്മലയിലെ സ്വന്തം വീട്ടിൽ കടുത്ത മർദനങ്ങൾ നേരിട്ടിട്ടുണ്ടെന്നും നീനു പറഞ്ഞു.
പിതാവ് ചാക്കോയും മാതാവ് രഹ്നയും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു. മാതാപിതാക്കൾ തന്നെ നിരന്തരം മർദിച്ചിരുന്നു.ഒരിക്കല്‍ ടോർച്ച് കൊണ്ട് മൂക്കില്‍ അടിച്ചു, അടിയേറ്റ് ബോധരഹിതയായി. കരയുമ്പോൾ മാതാവ് രഹ്ന വായിൽ തുണി തിരുകി കയറ്റുകയും മുളകുപൊടി വാരിയിടുകയും ചെയ്തിരുന്നു. ഒരിക്കൽ ടിവി ആന്റിനയുടെ കമ്പി ചൂടാക്കി ഇടതുകൈ പൊള്ളിച്ചു. പൊള്ളലേറ്റ പാട് കോടതിയെ നീനു കാണിച്ചു. സഹോദരൻ സാനുവും ഗാന്ധിനഗറിലെ എഎസ്ഐ ബിജുവുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ നീനു തിരിച്ചറിഞ്ഞു.