thamarasseri-churam

താമശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നാളെ മുതല്‍ നിരോധനം ഏര്‍പ്പെടുത്തും. അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ബസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കെ.എസ്. ആര്‍.ടി.സിയുടെയും കര്‍ണാടക ആര്‍ടിസിയുടേയും മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് അറ്റകുറ്റപണികള്‍ക്കിടെ സര്‍വീസ് നടത്താനാകുമോ എന്ന് സംശയമാണ്. 

വീതികൂട്ടിയ മൂന്ന്, അഞ്ച്് വളവുകളിലെ ടാറിങ് പൂര്‍ത്തിയാക്കാനാണ് രണ്ടാഴ്ച്ചത്തെ നിരോധനം. വലിയ ട്രക്കുകള്‍ക്കാണ് നിരോധനം ബാധകമാവുക. ഈ കാലയളവില്‍ ഇവ കുറ്റ്യാടി, നാടുകാണി ചുരം വഴി തിരിച്ചുവിടും.  

കെ.എസ്.ആര്‍.ടി.സി ബസുകളെയടക്കം നിരോധിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും യാത്രാക്ലേശം രൂക്ഷമാകുമെന്ന് കണ്ട് യാത്രാ വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. 

മഴക്കാലം തുടങ്ങുന്നതിന് മുമ്പേ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം. അറ്റകുറ്റപണികള്‍ കൂടി പൂര്‍ത്തിയായാല്‍ ചുരത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രതീക്ഷ.