വലിയ വിമാനങ്ങളുമായി കരിപ്പൂരില്‍ നിന്ന് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ഇന്ത്യ. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍വീസുകള്‍ ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം അകാരണമായി വൈകുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വിമാനമായ ബോയിങ് 747–400 ഉള്‍പ്പടെയുളള വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ഡി.ജി.സി.എയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. എയര്‍ഇന്ത്യയിലെ വിദഗ്ധ സംഘവും പരിശോധന പൂര്‍ത്തിയ ശേഷം സര്‍വീസിന് അനുമതി നല്‍കിയിട്ടുണ്ട്. തീരുമാനം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചതോടെയാണ് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചത്.
ജംബോ ബോയിങ് 747–400 വിമാനത്തിനു പുറമെ, എയർ ഇന്ത്യയുടെ 777 –200 എൽആർ, 777 –300 ഇആർ, ഡ്രീം ലൈനർ എന്നീ വിമാനങ്ങളുടെ സുരക്ഷാ സാധ്യതാ വിലയിരുത്തലുകളുംനടത്തിക്കഴിഞ്ഞു. വലിയ വിമാനങ്ങള്‍ ഇറങ്ങുന്നത് വരും വര്‍ഷങ്ങളിലെ ഹജ് സര്‍വീസുകള്‍ക്കും ഗുണകരമാണ്. കരിപ്പൂര്‍ വഴിയുളള കാര്‍ഗോ കയറ്റുമതിയുടെ തോതും വര്‍ധിക്കും.