ലഹരി വിരുദ്ധ സന്ദേശം പകര്‍ന്ന് എക്സൈസ് വകുപ്പിന്റെ ഫ്ലാഷ് മോബ്. കോഴിക്കോട് കടപ്പുറത്താണ് ജീവിതം ലഹരിയാക്കൂ എന്ന ആഹ്വാനവുമായി വിദ്യാര്‍ഥികള്‍  ഒത്തുകൂടിയത്. 

പുതിയ സമൂഹം കെട്ടിപ്പെടുത്തുവാന്‍ മുന്നിട്ടിറങ്ങുക എന്ന് ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുകയാണീ കുട്ടികള്‍. ആടിയും പാടിയും പോരാടണമെന്ന് ഓര്‍മപ്പെടുത്തല്‍. ലഹരിക്കടിമയായവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ എക്സൈസ് വകുപ്പാണ് പരിപാടിയൊരുക്കിയത്. ഫ്ലാഷ് മോബിനു പിന്തുണയുമായി ജില്ലയിലെ വിവിധ സ്കൂളുകളിലെ എന്‍.സി.സി കേഡറ്റുകള്‍ പ്ലക്കാര്‍ഡുകളുമായി കടപ്പുറത്ത് അണിനിരന്നു. 

സായാഹ്നക്കാഴ്ചകള്‍ ആസ്വദിക്കാന്‍ കടപ്പുറത്തെത്തിയവര്‍ക്ക് വേറിട്ട അനുഭവുമായി ഫ്ലാഷ് മോബ്. നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയൊരുക്കാനാണ് എക്സൈസിന്റെ തീരുമാനം. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ വി.ആര്‍.അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി