neenu-reaction-new

‘ഇൗ പൊലീസുകാരനെതിരെ നടപടിയുണ്ടായപ്പോൾ ഞാൻ മനസിൽ സന്തോഷിച്ചതാ.. ഇൗ സർക്കാർ ഒപ്പമുണ്ടെന്ന് കരുതിയതാ.. ഇന്ന് അയാളെ സർവീസിലേക്ക് തിരിച്ചെടുക്കുന്നു എന്ന് പറയുന്നു. ഇൗ സർക്കാർ ഞങ്ങൾക്കൊപ്പമല്ല... പ്രതികൾക്കൊപ്പമാണ്.. എനിക്ക് ഒരു പാർട്ടിയോ രാഷ്ട്രീയമോ ഒന്നുമില്ല. കെവിൻ ചേട്ടന്റെ മരണത്തിന് കാരണക്കാരായവരിൽ ഒരാളാണ്. അയാൾ വീണ്ടും കാക്കി അണിയുന്നു. ഇതാണോ എനിക്ക് നീതി തരാമെന്ന് പറഞ്ഞത്...’ ചോദ്യം കേരളത്തോടും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയോടുമാണ്. ചോദിക്കുന്നത് നീതി നൽകാമെന്ന് സര്‍ക്കാര്‍ വാക്കു കൊടുത്ത നീനുവാണ്. കെവിന്റെ വിധവ നീനു. വിധി തോൽപ്പിക്കാൻ ശ്രമിച്ചിട്ടും തോൽക്കാതെ നിൽക്കുന്ന നീനുവിന്റെ ആവസാന പ്രതീക്ഷയാണ് നീതി. ആ നീതി കൂടി നിഷേധിക്കുമോ എന്ന ആശങ്കയിൽ നീനൂ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

‘എന്നെ ബലമായി വീട്ടുകാർക്ക് പിടിച്ചുകൊണ്ടുപോകാൻ അനുവാദം കൊടുത്തത് ഇയാളാണ്. പ്രായപൂർത്തിയായ ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ നിയമസഹായം ചെയ്യേണ്ട ഉദ്യോഗസ്ഥനാണ് എന്റെ വീട്ടുകാർക്കൊപ്പം നിന്നത്. ഒടുവിൽ കെവിൻ ചേട്ടനെ എന്നെന്നേക്കുമായി ഇല്ലാതാക്കി. പിന്നീട് മജിസ്ട്രേറ്റിന് മൊഴി നൽകിയപ്പോഴും കോടതിയിൽ മൊഴി കൊടുത്തപ്പോഴും ഞാൻ പറഞ്ഞതാണ് ഇൗ ഉദ്യോഗസ്ഥൻ ചെയ്ത ക്രൂരത. ഇങ്ങനെയൊരാൾ സർവീസിൽ ഇരിക്കുന്നത് തന്നെ ശരിയല്ല. അന്ന് ഇയാളെ പുറത്താക്കി നടപടി വന്നപ്പോൾ ഉള്ളുകൊണ്ട് സന്തോഷിച്ച ഒരാളാണ് ‍ഞാൻ.  ഇങ്ങനെ തരതാഴ്ത്തി തിരിച്ചെടുക്കാനാണെങ്കിൽ എന്തിനാ പുറത്താക്കിയേ? എന്തിനാ മൊഴിയെടുത്തേ? നീതി തരാമെന്ന് പറഞ്ഞ് എന്തിനാ ഉറപ്പുതന്നെ?. അന്നേ അയാളെ സർവീസിൽ വച്ചുകൂടായിരുന്നോ? അന്ന് ഇയാൾക്കെതിരെ മൊഴികൊടുക്കുമ്പോൾ ആ ഉദ്യോഗസ്ഥൻ ഇതെല്ലാം കേട്ടിട്ട് എന്നോട് പറഞ്ഞത്. ഇങ്ങനെയുള്ളവരെ സർവീസിൽ വച്ചോണ്ടിരിക്കാൻ പാടില്ലെന്ന്. ഇന്ന് ഇതാ ഡിജിപി പോലും അറിയാതെ അയാളെ തിരിച്ചെടുത്തിരിക്കുന്നു. എന്തിനാ മൊഴി എടുക്കാനാണെന്ന് പറഞ്ഞുള്ള ഇൗ പ്രഹസനമൊക്കെ. സർക്കാർ എനിക്കൊപ്പമല്ല. പ്രതികൾക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഇൗ നടപടികൾ..’ രോഷം അടക്കി നീനു പറയുന്നു.

ഗാന്ധിനഗര്‍ മുന്‍ എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ കെവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. കെവിന്‍ കൊല്ലപ്പെടാന്‍ പ്രധാന കാരണം എസ്.ഐയുടെ അനാസ്ഥയാണ്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുമെന്ന് കെവിന്റെ പിതാവ് ജോസഫും വ്യക്തമാക്കി. കെവിന്‍ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച ഗാന്ധിനഗര്‍ എസ്ഐ എം.എസ്. ഷിബുവിനെ കെവിന്‍റെ ഒന്നാം ഓര്‍മദിനത്തിലാണ് തിരിച്ചെടുത്തത്. ഷിബു നല്‍കിയ വിശദീകരണത്തെ തുടര്‍ന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെയാണ് പിരിച്ചുവിടാനുള്ള തീരുമാനം റദ്ദാക്കിയത്. 

ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു ഗാന്ധിനഗര്‍ മുന്‍ എസ്ഐ എം.എസ്. ഷിബുവിനെ പിരിച്ചുവിടാനുള്ള തീരുമാനം. പിരിച്ചുവിടുന്നതിന് മുന്നോടിയായി ഷിബുവിന് നോട്ടിസ് നല്‍കി. ഈ നോട്ടിസിന് നല്‍കിയ മറുപടി പരിഗണിച്ചാണ് തീരുമാനം പിന്‍വലിച്ചത്.  പുലര്‍ച്ചെ വീട് ആക്രമിച്ച് കെവിനെയും ബന്ധുവിനെയും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാനോ അന്വേഷിക്കാനോ ഷിബു തയ്യാറായില്ല. കെവിന്‍റെ ഭാര്യ നീനുവും പിതാവും സ്റ്റേഷനിലെത്തി പരാതി പറഞ്ഞിട്ടും അവഗണിച്ചു.  അക്രമിസംഘം വിട്ടയച്ച അനീഷിന്‍റെ മൊഴിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും അന്വേഷണം വൈകിപ്പിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് തലേനാള്‍ കെവിനോടൊപ്പം സ്റ്റേഷനിലെത്തിയപ്പോള്‍ എസ്ഐ ക്രൂരമായാണ് പെരുമാറിയതെന്ന് നീനുവും മൊഴി നല്‍കിയിരുന്നു.